കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം

എറണാകുളം : കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം. ആദിവാസി കോളനിയിലേക്ക് ഓട്ടം പോയതിനെ തുടർന്നാണ് മർദനം.  പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പ് ഡ്രൈവറായ ഡോൺ ജോയിക്കാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. കുട്ടമ്പുഴയിലെ വാരിയം ആദിവാസി കോളനിയിലേക്കാണ് ഡോൺ ഓട്ടം പോയത്. കോളനിയിലേക്കുള്ള ഓട്ടം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. കോളനിയിലേയ്ക്ക് ഓട്ടം പോയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം.

കോളനിയിലേക്ക് പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. നൂറുക്കണക്കിന് ആദിവാസികളാണ് വാരിയം കോളനിയിൽ താമസിക്കുന്നത്. നാല് മണിക്കൂർ വനത്തിലൂടെ യാത്ര ചെയ്താലേ വാരിയം കോളനിയിൽ ഏതാണ് സാധിക്കുകയുള്ളു. ജീപ്പ് മാത്രമാണ് കോളനി വാസികൾക്ക് ഏക ആശ്രയം. ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് വനം വകുപ്പിന്റെ നടപടിയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Top