വനംവകുപ്പ് മന്ത്രി വൻ പരാജയം , ഇടതുപക്ഷത്തിന് തലവേദന, ജനരോക്ഷം മുതലെടുക്കാൻ പ്രതിപക്ഷവും രംഗത്ത്

ന്തിനാണ് എ.കെ ശശീന്ദ്രനെ പോലെയുള്ള മന്ത്രിമാരെ ഇനിയും ചുമക്കുന്നത് എന്നതിന് സി.പി.എം നേതൃത്വമാണ് മറുപടി പറയേണ്ടത്. ഈ സര്‍ക്കാറില്‍ ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വകുപ്പാണ് വനംവകുപ്പ്. അതിന് നേതൃത്വം നല്‍കുന്ന എ.കെ ശശീന്ദ്രന്റെ കഴിവു കേടാണ് താഴെ തട്ടിലും ഇപ്പോള്‍ പ്രകടമായിരിക്കുന്നത്.

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും വകുപ്പ് മന്ത്രിക്ക് മാറി നില്‍ക്കാന്‍ കഴിയുകയില്ല. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെടെയുള്ളവരെ തടഞ്ഞു വച്ചതും വനംവകുപ്പ് കൃത്യമായ നിലപാട് സ്വീകരിക്കാത്തതു കൊണ്ടാണ്.

മയക്കുവെടി വയ്ക്കാന്‍ കഴിയില്ലന്നും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ശ്രമിക്കുന്നതെന്നും ആദ്യം പറഞ്ഞ മന്ത്രിയ്ക്ക് പിന്നീട് പ്രതിഷേധം കനത്തപ്പോള്‍ മയക്കു വെടി വയ്ക്കുമെന്ന് മാറ്റി പറയേണ്ടി വന്നിരിക്കുകയാണ്. മയക്കു വെടി വയ്ക്കാന്‍ കഴിയില്ലന്ന മന്ത്രിയുടെ ആദ്യ പ്രതികരണമാണ് യഥാര്‍ത്ഥത്തില്‍ നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.

പടമലയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം തള്ളിയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ജനവാസമേഖലയില്‍ ഇന്നലെ കാട്ടാനയിറങ്ങിയിരുന്നു. വിവരം അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങിയില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടിജി ജോണ്‍സണ്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനയിറങ്ങിയ വിവരം ജനങ്ങളെ ഒരു അനൗണ്‍സ്മെന്റിലൂടെ പോലും വനംവകുപ്പ് അറിയിച്ചില്ലെന്നാണ് മറ്റൊരു പൊതുപ്രവര്‍ത്തകനായ നിശാന്ത് പറയുന്നത്. ഇതെല്ലാം തന്നെ അതീവ ഗൗരവമുള്ള കാര്യമാണ്. ആനയുടെ നീക്കങ്ങള്‍ യഥാസമയം അറിയാനുള്ള സംവിധാനം വനംവകുപ്പിന് ഉണ്ടായിട്ടും അതൊന്നും തന്നെ പ്രയോജനപ്പെട്ടിട്ടില്ല. പ്രയോജനപ്പെടുത്തിയിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

അതിനാല്‍ തന്നെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്നതില്‍ ഏത് മന്ത്രിക്ക് വീഴ്ച പറ്റിയാലും ആദ്യം പുറത്താക്കേണ്ടതും ആ മന്ത്രിയെ തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാറിനെ അടിക്കാന്‍ നല്ലൊരു വടിയാണ് വനം വകുപ്പിന്റെ കൊടുകാര്യസ്ഥതമൂലം പ്രതിപക്ഷത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്നും വകുപ്പ് മന്ത്രിക്ക് എന്തായാലും ഒഴിഞ്ഞു മാറാന്‍ കഴിയുകയില്ല.

ബി.ജെ.പിക്കൊപ്പമുള്ള എന്‍.സി.പിയാണ് യഥാര്‍ത്ഥ എന്‍.സി.പിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ തന്നെ വ്യക്തമാക്കിയതോടെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറില്‍ മന്ത്രിയായിരിക്കാനുള്ള അര്‍ഹത എ.കെ ശശീന്ദ്രന് നഷ്ടമായിരിക്കുകയാണ്. ശരദ് പവാറിനൊപ്പം നില്‍ക്കുന്ന ശശീന്ദ്രന് കൂടുതല്‍ ദിവസം ആ പദവിയില്‍ തുടരാന്‍ കഴിയില്ല. പവാര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കിയാലും ഇല്ലെങ്കിലും രാജിവയ്ക്കേണ്ടി വരും. അതല്ലെങ്കില്‍ അയോഗ്യനാക്കപ്പെട്ടും. അജിത് പവാറിന്റെ എന്‍.സി.പിക്കൊപ്പമാണ് നില്‍ക്കുന്നതെങ്കില്‍ ഇടതുപക്ഷത്തിനു തന്നെ ശശീന്ദ്രനെ പുറത്താക്കേണ്ടിവരും. ഇതാണ് വസ്തുത.

കേരളത്തില്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എ പദവിയും ഒരു മന്ത്രി സ്ഥാനവും നല്‍കിയ സി.പി.എം നേതൃത്വത്തിന് ഘടക കക്ഷികളെ തിരഞ്ഞെടുക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു പ്രതിസന്ധിയും ഉണ്ടായിരിക്കുന്നത്. ജനതാദളിന്റെ കാര്യത്തിലും സമാന സ്ഥിതിയാണ് ഉള്ളത്. നേതൃത്വത്തെ തള്ളിപ്പറഞ്ഞെങ്കിലും ജനതാദള്‍ ദേവഗൗഡ വിഭാഗം മന്ത്രിയായാണ് കെ കൃഷ്ണന്‍ കുട്ടി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത്. ജനതാദള്‍ – എസ് ഇപ്പോള്‍ ദേശീയ തലത്തില്‍ ബി.ജെ.പി ഘടക കക്ഷിയാണ്. കര്‍ണ്ണാടകയില്‍ സഖ്യമായാണ് അവര്‍ മത്സരിക്കുന്നത്. രണ്ട് എം.എല്‍.എമാരാണ് ജനതാദളിനും കേരളത്തിലുള്ളത്.

അതായത് ജനതാദളിന്റെ രണ്ടും എന്‍.സി.പി യുടെ രണ്ടും കൂട്ടിയാല്‍ നാല് എം.എല്‍.എമാരാണ് ഈ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍ പിടിമുറുക്കിയാല്‍ അയോഗ്യരാക്കപ്പെടുക. അതായത് ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് തെളിയുന്നത്. കെ. കൃഷ്ണന്‍ കുട്ടിയും എ.കെ ശശീന്ദ്രനും മന്ത്രിസഭയില്‍ തുടരുന്നതും ഇടതുപക്ഷത്തിന് വിനയാകും. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരു പോലെയാണ് ഈ വിഷയം ഉയര്‍ത്തി ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ പോകുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും തലയൂരണമെങ്കില്‍ ആദ്യം രണ്ട് മന്ത്രിമാരെയും പുറത്താക്കാനാണ് സി. പി. എം തയ്യാറാകേണ്ടത്. എന്തിനാണ് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഇത്തരം ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ എന്നതും ചിന്തിക്കുന്നത് നല്ലതായിരിക്കും. അതല്ലെങ്കില്‍ അവസരവാദികളുടെ കൂട്ടമായി ഇടതുപക്ഷവും ചിത്രീകരിക്കപ്പെടും. അതും ഓര്‍ക്കുന്നത് നല്ലതായിരിക്കും . . .

EXPRESS KERALA VIEW

Top