forest minister vk raju says about maoist land issue

തിരുവനന്തപുരം: വനത്തില്‍ ആരേയും അതിക്രമിച്ച് കയറാന്‍ അനുവദിക്കില്ലെന്നും കര്‍ക്കശ നടപടിയുണ്ടാകുമെന്നും വനം മന്ത്രി കെ രാജു.

മാവോയിസ്റ്റുകള്‍ അട്ടപ്പാടിയില്‍ 120 ഏക്കര്‍ വനഭൂമി കയ്യേറി ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് express kerala-പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പുറത്ത് വന്ന ദ്യശ്യം രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്നും നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയെ തുടര്‍ന്ന് പൊലീസിന് ലഭിച്ച പെന്‍ ഡ്രൈവില്‍ നിന്നാണ് ഇക്കാര്യം വെളിവായതെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയില്‍ 80 ഏക്കറോളമാണ് കയ്യേറിയിരുന്നതെന്നും എന്നാല്‍ പിന്നീട് വനംവകുപ്പും പൊലീസും കയ്യേറ്റക്കാരെ ഒഴുപ്പിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂര്‍ വനത്തില്‍ പൊലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലും രേഖകളിലും അട്ടപ്പാടിയില്‍ 120 ഏക്കര്‍ വനഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കുന്നതായാണ് ചൂണ്ടികാണിച്ചിരുന്നത്.

മരങ്ങള്‍ വെട്ടുന്നവര്‍ക്ക് സായുധരായ മാവോയിസ്റ്റുകള്‍ കാവല്‍ നില്‍ക്കുന്നതും മാവോയിസ്റ്റ് പതാക പാറി പറക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഭൂമി പിടിച്ചെടുക്കുന്നത് മാവോയിസ്റ്റ് പിന്‍തുണയോടെയാണ് എന്നറിഞ്ഞതോടെ വനംവകുപ്പും പൊലീസൂം സ്ഥലത്തേക്ക് വന്നില്ലന്നും മാവോയിസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പ്രതികരണത്തോടെ യുഡിഎഫ് നേതൃത്വമാണ് ഇപ്പോള്‍ പ്രതികൂട്ടിലായിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി പ്രഹസനമായിരുന്നുവെന്ന വാദത്തിന് ബലം പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളെന്നാണ് ഇടത് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്.
(മാവോയിസ്റ്റുകളുടെ കയ്യേറ്റം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക)

Top