മന്ത്രിയെന്ന് പേരു മാത്രം, ഒന്നും അറിയിക്കാറില്ല, അറിയാറുമില്ല; പരാതിയുമായി ശശീന്ദ്രന്‍

തിരുവനന്തപുരം: മുല്ലപെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയ സംഭവത്തില്‍ വനംമന്ത്രിക്കും പാര്‍ട്ടിക്കും കടുത്ത അതൃപ്തി. ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്നെ അറിയിച്ചില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഇന്നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ നിലപാട് അറിയിക്കാനാണ് എന്‍സിപി ഒരുങ്ങുന്നത്. വനംവകുപ്പില്‍ ചില ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സ്ഥലംമാറ്റ ഉത്തരവിറങ്ങിയാല്‍പോലും മന്ത്രിയെ അറിയിക്കാറില്ലെന്നും എന്‍സിപി പരാതിപ്പെടുന്നു. മുട്ടില്‍മരംമുറി വിവാദ സമയത്തും മന്ത്രിയെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നില്ല.

മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഫോണുകള്‍പോലും ചില ഉദ്യോഗസ്ഥര്‍ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ കാര്യം മന്ത്രിയെ അറിയിക്കുകയോ ഉത്തരവ് ഓഫിസിലേക്ക് അയയ്ക്കുകയോ ചെയ്തില്ലെന്നു മന്ത്രിയുടെ ഓഫിസ് പറയുന്നു. അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസും വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്‌സും ഓഫിസിനു നല്‍കിയില്ല. വിവാദമായപ്പോഴാണ് മിനിറ്റിസ് മന്ത്രിയുടെ ഓഫിസിലെത്തിച്ചത്.

മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കത്തെഴുതിയത് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ വിവരം അറിയുന്നത്. ഉത്തരവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വനം, ജലവിഭവ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പ്രതികരണം. ആരാണ് ഉത്തരവിറക്കിയതെന്നോ, ആരാണ് നിര്‍ദേശം നല്‍കിയതെന്നോ തുടക്കത്തില്‍ ആശയക്കുഴപ്പമായിരുന്നു. അന്നു തന്നെ ഇക്കാര്യത്തിലുള്ള അതൃപ്തി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് ഉത്തരവ് തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന തീരുമാനമെടുത്തത്.

Top