കൊറ്റമ്പത്തൂരിലെ കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ കൊറ്റമ്പത്തൂരില്‍ മൂന്ന് പേരുടെ ജീവനെടുത്ത കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇക്കാര്യത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വേണ്ടി വന്നാല്‍ പൊലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് പടര്‍ന്ന തീ പൂര്‍ണമായും അണച്ചു. ചില മരക്കുറ്റികളില്‍ നിന്നും തടി കഷ്ണങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട്. ഇത് അണക്കാന്‍ 20 അംഗ സംഘത്തെ നിയോഗിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്‌നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീ അണയ്ക്കുന്നതിനിടെയാണ്‌ മൂന്ന് വനപാലകര്‍ വെന്തുമരിച്ചത്. ട്രൈബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ കെ.യു. ദിവാകരന്‍ (43), താത്കാലിക ജീവനക്കാരന്‍ കൊടുമ്പ് എടവണ വളപ്പില്‍ വീട്ടില്‍ വേലായുധന്‍ (54), കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ (48) എന്നിവരാണു മരിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇത്.

ഇതിനിടെ, വാച്ചര്‍മാരുടെ മരണ വിവരം അറിഞ്ഞ അയല്‍വാസി കുഴഞ്ഞു വീണു മരിച്ചു. കൊടുമ്പു സ്വദേശി അയ്യപ്പനാണ് ഇന്ന് രാവിലെ മരിച്ചത്.

Top