പിഎം 2 ആനയെ ആനപ്പന്തിയിൽ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന റിപ്പോർട്ട് പരിശോധിക്കാൻ വനംവകുപ്പ്

കല്‍പ്പറ്റ: പിഎം 2 എന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയില്‍ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വനംവകുപ്പ്. മതിയായ ആലോചനയില്ലാതെ തിടുക്കത്തില്‍ ആനയെ പിടിച്ചെന്ന വിമര്‍ശനത്തില്‍ വനംവകുപ്പില്‍ അതൃപ്തിയുണ്ട്. ഒരു വര്‍ഷമായി മുത്തങ്ങയിലെ ആനപ്പന്തിയില്‍ കഴിയുന്ന ഈ മോഴയാനയെ ഇനി കാട്ടില്‍ വിട്ടാല്‍ അതീജീവിക്കുക ശ്രമകരമാണെന്നും വനം വകുപ്പ് കരുതുന്നു.

മയക്കുവെടി ദൗത്യത്തെ വിമര്‍ശിച്ചാണ് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ത്ത മോഴയാണ് പിഎം 2. അരിശി രാജയെന്ന് നാട്ടുകാര്‍ വിളിച്ച മോഴയാന രണ്ടുപേരെ കൊന്നിട്ടുമുണ്ട്. ഇതോടെ 2022 ഡിസംബറില്‍ തമിഴ്‌നാട് ആനയെ മയക്കുവെടിവച്ച് റോഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടു. എന്നിട്ടും മോഴ മറ്റൊരു ജനവാസ മേഖലയില്‍ എത്തി, വിലസി. ഇതൊന്നും പരിഗണിച്ചില്ലേ എന്നാണ് ജനപ്രതിനിധികളുടെ ചോദ്യം.

പന്തല്ലൂര്‍ മഖ്‌ന എന്ന പിഎം 2 ടുവിനെ 2023 ജനുവരി ഒന്‍പതിനാണ് വയനാട് എലഫന്റ് സ്‌ക്വാഡ് പിടികൂടി കൂട്ടിലടച്ചത്. സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഇറങ്ങി അപകടവിലസല്‍ നടത്തിയതോടെയാണ് ആനയെ പിടിക്കാന്‍ വനംവകുപ്പ് തുനിഞ്ഞത്. പക്ഷേ, ആനപിടുത്തത്തിനുള്ള സംഘം അന്ന് ധോണിയെ വിറപ്പിച്ച പിടി സെവനെ പിടിക്കാനുള്ള ഒരുക്കത്തില്‍ പാലക്കാട് ആയിരുന്നു. അവിടെ നിന്ന് രാത്രി, ചുരം കയറി ബത്തേരിയിലെത്തിയ സംഘം പിഎം ടുവിനെ തടവിലാക്കി.മയക്കുവെടി വച്ച ആനയെ എന്തുചെയ്യണം എന്ന് തീരുമാനിക്കും മുമ്പ് ഘടിപ്പിച്ചിരുന്ന റോഡിയോ കോളര്‍ ദൗത്യസംഘം ഊരിമാറ്റിയെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രധാന ഉദ്യോഗസ്ഥരെ അടക്കം വിദഗ്ധ സമിതി കേട്ടില്ലെന്ന പഴി ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ടു തന്നെ വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കുന്ന വിശദീകരണം വളരെ പ്രധാനപ്പെട്ടതാണ്.

Top