ആനക്കൊമ്പിന്റെ മാതൃകയില്‍ ശില്‍പം; മോന്‍സന്റെ വീട്ടില്‍ വനം വകുപ്പ് റെയ്ഡ്

കൊച്ചി: കലൂരിലെ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വനം വകുപ്പ് റെയ്ഡ്. ക്രൈം ബ്രാഞ്ചിന്റെ പരിശോധനയില്‍ മോണ്‍സന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പിന്റെ മാതൃകയില്‍ ശില്‍പം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇതിനിടെ മോന്‍സന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയിരുന്നു. നികുതി വെട്ടിപ്പ് ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

നേരത്തെ, രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഇന്ന് കോടതി വിധി പ്രസ്താവിക്കും.

നേരത്തെ, ബലാത്സംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം. നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.

Top