അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്

ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കാനുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ട്. ഇന്ന് രണ്ട് കുങ്കിയാനകൾ കൂടി ചിന്നക്കനാലിൽ എത്തും. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണ് എത്തുക.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാൽ ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും. ഹർജി പരിഗണിക്കുന്ന 29 ആം തിയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടി ഉണ്ടാകൂ.

അരികൊമ്പനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നീക്കം. ഇതിൻ്റെ ഭാഗമായി ജില്ലയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവരുടെ കണക്കെടുത്ത് സമർപ്പിക്കും. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും. ഇന്നലെ രാത്രിയും ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.

Top