ഇന്ത്യയിലെ കാടിന്റെ മക്കള്‍ കുടിയിറക്കപ്പെടുന്നു. . . വികസനങ്ങള്‍ ആര്‍ക്കു വേണ്ടി?

ന്ത്യയുടെ നാലില്‍ ഒന്ന് ഭാഗത്തില്‍ താഴെ വന പ്രദേശമാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 1980ലെ വന നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ പ്രദേശങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കൂ. കാടിനെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ സമ്മതം വേണം എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.

നൂറ് കണക്കിന് വര്‍ഷങ്ങളായി വന വിഭവങ്ങള്‍ കൊണ്ട് മാത്രം ജീവിക്കുന്ന ഇവരുടെ അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ചെവി കൊടുക്കാതെയുള്ള ഭൂമി കയ്യേറ്റമാണ് ഇന്ത്യയിലുടനീളം നടന്നു വരുന്നത് എന്ന റിപ്പോര്‍ട്ടികളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. ആവശ്യമായ രേഖകള്‍ തദ്ദേശവാസികളുടെ കൈവശം ഇല്ല എന്നതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

2006ല്‍ കൊണ്ടു വന്ന നിയമപ്രകാരം ഗ്രാമസഭകളുടെ അനുമതിയില്ലാതെ വനം പ്രദേശങ്ങളില്‍ ഒരു തരത്തിലുമുള്ള പദ്ധതികള്‍ നടത്താന്‍ സാധിക്കില്ലെന്ന് വ്യവസ്ഥ വന്നു. ആദ്യമായി ഗോത്ര സമൂഹങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങളുടെ ആധികാരികത ചോദ്യം ചെയ്യാനുള്ള അവസരമാണ് ഈ നിയമം കൊണ്ട് ഉണ്ടായത്. ഒഡീഷയിലെ ഡോങ്ഗ്രിയ കോന്ത് വിഭാഗക്കാര്‍ ഇതേ നിയമം ഉപയോഗിച്ചാണ് വേദാന്താ ഗ്രൂപ്പിന്റെ ഖനന പദ്ധതിയ്ക്കെതിരെ യുദ്ധം ജയിച്ചത്.

2009ല്‍ പരിസ്ഥിതി മന്ത്രാലയം സുപ്രധാനമായ ഉത്തരവിറക്കി. വന പ്രദേശങ്ങളില്‍ ഒരു പദ്ധതി തുടങ്ങണമെങ്കില്‍ ഗ്രാമസഭകളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ളതായിരുന്നു ഉത്തരവ്. 50 ശതമാനം പ്രായപൂര്‍ത്തിയായ തദ്ദേശവാസികളും സഭയില്‍ പങ്കെടുത്തിരിക്കണമെന്നും ഉത്തരവ് വിശദീകരിക്കുന്നു. എന്നാല്‍, ഛത്തീസ്ഗഡില്‍ അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഈ ഉത്തരവ് പാലിക്കപ്പെടാറില്ല. മറ്റ് പഞ്ചായത്തുക്കളില്‍ നിന്നും ആളെ ഇറക്കി ഭൂരിപക്ഷം നേടുന്ന പരിപാടിയാണ് പല കമ്പനികളും ഈ കടമ്പ കടക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം.

ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഹിമാചല്‍ പ്രദേശ്, തെലങ്കാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വനം കയ്യേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. 1,734 സ്‌ക്വയര്‍ കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ ഇത്തരത്തില്‍ അന്യായമായി കൈവശം വച്ചിരിക്കുന്നതായാണ് കണ്ടെത്തല്‍.

പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ വന്നിട്ടുള്ള 38 കേസുകളില്‍ 26 എണ്ണത്തിന് അനുമതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. 13 എണ്ണത്തിന് തദ്ദേശ അനുമതി ലഭിച്ചിട്ടില്ല. 10 അപേക്ഷകളുടെ കാര്യത്തില്‍ പദ്ധതി ഉദ്ദേശിക്കുന്ന പ്രദേശത്ത് ആദിവാസി സമുദായങ്ങള്‍ ആരും തന്നെയില്ലെന്നാണ് പഞ്ചായത്തുകള്‍ വ്യക്തമാക്കുന്നത്.

കാടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ട 21.3 മില്യണ്‍ ആളുകളില്‍ 40.9 ശതമാനം ആളുകളും 1951 നും 1990നും ഇടയില്‍ സ്വന്തം നാടുവിടേണ്ടി വന്നവരാണ്. 2014ലെ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മാവോയിസ്റ്റ് ആക്രമണങ്ങള്‍ പെരുകുന്നതിനുള്ള മൂലകാരണം ഈ കുടിയിറക്കമാണ്.

കുടിയറക്കപ്പെടുന്നവരുടെ പുനരധിവസത്തിനായും സര്‍ക്കാരുകളും പദ്ധതി നടപ്പിലാക്കുന്ന കമ്പനികളും പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നതാണ് സത്യം. എല്ലാ രേഖകളും ലഭിച്ചു എന്ന് പറഞ്ഞ് ഖനനം അടക്കമുള്ള വന്‍കിട പദ്ധതികള്‍ ആരംഭിക്കുന്നവരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ആരും ചോദിക്കാറില്ല, സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പോലും ഇവ ലഭ്യമല്ല.

യുപിഎ സര്‍ക്കാരിനെയും എന്‍ഡിഎയും ഏറ്റവുമധികം ബാധിച്ച വിഷയമാണ് സ്ഥലം ഏറ്റെടുക്കല്‍. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ വന മേഖലയില്‍ നിന്നുള്ള പ്രശ്നങ്ങളെല്ലാം തന്നെ വലിയ ചര്‍ച്ചാ വിഷയമാകും എന്ന കാര്യത്തില്‍ സംശയമില്ല.

വീട്ടില്‍ അതിക്രമിച്ചു കടക്കുന്നവരോട് എങ്ങനെ പെരുമാറണം എന്നാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ആദിവാസി വിഭാഗവും ചോദിക്കുന്നത്. ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ കാരണങ്ങള്‍ ഈ ചോദ്യത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട് എന്നതാണ് വസ്തുത.

കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കേരളം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന കുത്തക താല്‍പര്യങ്ങള്‍ തന്നെയാണ് മറ്റൊരു വിധത്തില്‍ കാടു കയറിയിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്നത് പോലെ ആകരുത്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top