ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ല, സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നും അട്ടിമറിയില്ലെന്നും ഫോറൻസിക് റിപ്പോർട്ട്. ചൂട് കൂടിയപ്പോൾ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് റിപ്പോർട്ട് പൊലീസിന് കൈമാറി. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റമുണ്ടാകും. ഈ രാസവസ്തുക്കളാണ് തീ പിടിക്കാൻ കാരണമായതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും ഉണ്ടായത്. മാലിന്യകൂമ്പാരത്തിന് അടിത്തട്ടിൽ മീഥേൻ ഗ്യാസ് രൂപപ്പെടുകയും തുടർന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം. ശക്തമായ കാറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും തീ വേഗത്തിൽ പടരാൻ കാരണമായി.

ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നായിരുന്നു പൊലീസിന്റെയും കണ്ടെത്തൽ. അമിതമായ ചൂടാണ് 12 ദിവസത്തോളം നീണ്ടുനിന്ന തീപിടുത്തത്തിന് കാരണമായത്. വിശദമായി നടത്തിയ അന്വേഷണത്തിൽ പ്ലാന്റിൽ തീയിട്ടതിന് തെളിവില്ല. എന്നാൽ മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Top