മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിനായകന് ക്രൂര മര്‍ദനമേറ്റിട്ടുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍മാര്‍

തൃശൂര്‍: ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ദലിത് യുവാവ് വിനായകന്റെ മരണത്തില്‍ വെളിപ്പെടുത്തലുകളുമായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍.

മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിനായകന് ക്രൂരമായ മര്‍ദനം ഏറ്റിരുന്നുവെന്ന് സര്‍ജന്‍മാര്‍ പറയുന്നു. നെഞ്ചിലും തലയിലും ചതവുകള്‍ കണ്ടെത്തിയെന്നും നെഞ്ചില്‍ ബലം പ്രയോഗിച്ച് മര്‍ദിച്ചതിന്റെ ചതവാണെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കി. വിനായകിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍മാരായ ഡോ. രാഗിനും ഡോ. ബല്‍റാമുമാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

പൊലീസ് മര്‍ദനംമൂലമാണ് വിനായക് ജീവനൊടുക്കിയതെന്ന ആരോപണത്തിനിടെയാണ് അതിലേക്ക് വിരല്‍ ചൂണ്ടുന്ന വിധത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. വിനായകിനെ മര്‍ദിച്ചുവെന്ന ആക്ഷേപം നേരിടുന്ന പാവറട്ടി പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെയും പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സ്‌റ്റേഷനില്‍ വിനായകിനെ മര്‍ദിച്ചിട്ടില്ലെന്നും വീട്ടിലെത്തിയശേഷം പിതാവില്‍ നിന്ന് മര്‍ദനം ഏറ്റതാകാമെന്നുമാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്.

സംഭവസമയം താന്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് എസ്.ഐയുടെ മൊഴി.

പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകിന് മര്‍ദനം ഏറ്റതിന്റെ കുറ്റം പിതാവില്‍ ചുമത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിനായകിനു നേരെയുണ്ടായ മര്‍ദനത്തില്‍ ഡോക്ടര്‍മാരുടെ മൊഴി. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ബല്‍റാമില്‍ നിന്ന് വലപ്പാട് പൊലീസും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രാഗിനില്‍ നിന്ന് ക്രൈംബ്രാഞ്ചുമാണ് മൊഴിയെടുത്തത്. മരണത്തിന് 24 മണിക്കൂര്‍ മുമ്പുള്ള മുറിവുകളെക്കുറിച്ചാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

Top