വിദേശതൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ കുറവ്

റിയാദ്: ഈ വര്‍ഷം ഓഗസ്റ്റ് വരെ വിദേശതൊഴിലാളികള്‍ സ്വന്തം ദേശങ്ങളിലേക്ക് അയച്ച പണത്തില്‍ എട്ടുശതമാനം കുറവ് വന്നതായി സൗദി കേന്ദ്രബാങ്ക് സാമ.

ഏഴുമാസത്തിനിടെ വിദേശികള്‍ അയച്ച പണത്തില്‍ 745 കോടി റിയാലിന്റെ കുറവ് വന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റുവരെ 8,230 കോടി റിയാലാണ് വിദേശതൊഴിലാളികള്‍ സ്വന്തം ദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 8,975 കോടി റിയാലാണ് അയച്ചത്.

കഴിഞ്ഞ ജൂലായ് മാസം സൗദിയിലെ ഓരോ വിദേശ തൊഴിലാളിയും ശരാശരി അയച്ചത് 925 റിയാല്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ വിദേശികള്‍ അയച്ചത് 15,190 കോടി റിയാലാണ്.

ഇതിനെക്കാള്‍ 500 കോടി റിയാല്‍ കൂടുതലാണ് 2015ല്‍ അയച്ചത്. ഈ വര്‍ഷം ആദ്യ ഏഴുമാസങ്ങളില്‍ത്തന്നെ എട്ടുശതമാനത്തിന്റെ കുറവാണുള്ളത്.

സ്വദേശിവത്കരണവും സാമ്പത്തികപരിഷ്‌കരണപദ്ധതികളും എല്ലാം വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവു വരാന്‍ കാരണമായെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

Top