വിദേശികള്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാം

ന്യൂഡല്‍ഹി: വിദേശികള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും വിനോദസഞ്ചാരം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതിയായി. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരവിലക്കും വിസ നിയന്ത്രണങ്ങളും സര്‍ക്കാര്‍ അയവു വരുത്തിയിട്ടുണ്ട്. നിലവിലുള്ള വിസകളുടെ കാലാവധിയും പുനഃസ്ഥാപിച്ചു.

ഇന്ത്യയിലേക്കു വരാനും തിരികെ പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ, യാത്ര നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ മറ്റെല്ലാ വിസകളുടെയും കാലാവധി എത്രയും പെട്ടെന്ന് നീട്ടിനല്‍കാനും തീരുമാനിച്ചു

ഒസിഐ കാര്‍ഡുള്ളവര്‍ക്കും വിദേശികള്‍ക്കും തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം. വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലൂടെയും നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ വിമാനങ്ങളിലൂടെയും വരാം. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ ആളുകളും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

Top