കോവളത്തെ ഹോട്ടലില്‍ വിദേശി ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കോവളത്തെ ഹോട്ടല്‍ മുറിയില്‍ അവശനിലയില്‍ വിദേശ പൗരനെ കണ്ടെത്തി. ആരോഗ്യനില മോശമായ നിലയില്‍ കണ്ടെത്തിയ അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സിനെ (77) പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടല്‍ മുറിയിലായിരുന്നു താമസം. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടല്‍ മുറിയില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന് പൊലീസ് പറഞ്ഞു. ബീച്ചിന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അതിദയനീയമായിരുന്നു അവസ്ഥയെന്നാണ് പൊലീസ് പറയുന്നത്. പുഴുവരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്.

ഉടന്‍ അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top