വിദേശവനിതയുടെ കൊലപാതകം ; തെളിവെടുപ്പ് അന്തിമഘട്ടത്തിലേക്ക്

liga

തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക ദിവസം ഉമേഷ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് സംഘം ഉമേഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

വിദേശവനിതയുടെ അടിവസ്ത്രവും ചെരിപ്പും കാട്ടിലുപേക്ഷിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയിലും സമീപ പ്രദേശത്തും നടത്തിയ തിരച്ചിലില്‍ ചതുപ്പ് നിറഞ്ഞ പ്രദേശത്തെ കാട്ടില്‍ നിന്ന് വിദേശവനിതയുടേ അടിവസ്ത്രം കിട്ടിയയിരുന്നു. വിദേശവനിതയെ കഞ്ചാവ് നല്‍കിയ ശേഷം പീഡിപ്പിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവിന് സമാനമായ സിഗററ്റ് കുറ്റികള്‍ കാട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസില്‍ പൊലീസ് പ്രതികളാക്കിയേക്കുമെന്നും സൂചനയുണ്ട്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

കോവളം കേന്ദ്രീകരിച്ചുള്ള അഞ്ചംഗസംഘമാണ് പ്രതികളായ ഉമേഷിനും ഉദയനും സ്ഥിരമായി കഞ്ചാവ് നല്‍കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉമേഷും ഉദയനും ഇതിന് മുന്‍പും ഇതേ കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായാണ് അന്വേഷണത്തിനിടെ പൊലീസിന് സൂചന ലഭിച്ചത്. എട്ട് സ്ത്രീകള്‍ ഇവര്‍ക്ക് ഇരകളായെന്നാണ് കണ്ടെത്തല്‍. എല്ലാവരും കോവളത്തും പരിസരത്തുമുള്ളവരാണ്. എന്നാല്‍ ഭീഷണി ഭയന്ന് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.

മാര്‍ച്ച് 14 മുതലാണ് വിദേശ വനിതയെ പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് എലിസും, വിദേശവനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും പൊലീസിനേയും മന്ത്രിമാരേയും സമീപിച്ചിരുന്നു. തുടര്‍ന്ന് വിദേശ വനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വാഴമുട്ടത്തെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കോവളത്തെ കണ്ടല്‍കാടുകളിലെ വള്ളിപ്പടര്‍പ്പില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ട നിലയില്‍ ജീര്‍ണിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കണ്ടല്‍കാട്ടിലേക്ക് വിദേശവനിത പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം , വിദേശവനിതയുടേത് തന്നെയാണെന്ന് സ്ഥിരീകരികരിച്ചത്. പ്രദേശവാസികളോട് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെ കണ്ടിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഒത്തുകൂടുന്ന നാലു സമീപവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉമേഷിനെയും ഉദയനേയും അറസ്റ്റ് ചെയ്തത്.

പാതിഉറക്കത്തിലായിരുന്ന വിദേശവനിതയെ ആദ്യം ഉമേഷ് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഉദയനും പീഡിപ്പിക്കുകയായിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ വിദേശവനിതയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിദേശവനിതയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്റെതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

Top