Foreign secretary S Jaishankar visits China to drum up NSG support

ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി)യില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത എതിര്‍പ്പുമായി നിലകൊള്ളുന്ന ചൈനയുടെ മഞ്ഞുരുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ചൈനയില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തി.

ഈ മാസം 16, 17 തീയതികളിലായിരുന്നു ജയശങ്കറിന്റെ സന്ദര്‍ശനം. എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കണം എന്ന് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

48 അംഗ എന്‍.എസ്.ജിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 24ന് ദക്ഷിണ കൊറിയയിലെ സോളില്‍ യോഗം ചേരാനിരിക്കെയാണ് ജയശങ്കര്‍ ചൈനയിലെത്തിയത്. അമേരിക്ക, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലണ്ട് പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. അംഗരാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ചൈനയുടെ വാദം. ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ അത് പാകിസ്ഥാനുമായുള്ള ആണവ സന്തുലനം ഇല്ലാതാക്കുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇത് തെക്കന്‍ ഏഷ്യന്‍ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുംമേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കിയിരുന്നു.

ആണവ സാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്ന എന്‍.എസ്.ജിയില്‍ അംഗമായാല്‍ ഇന്ത്യയുടെ ആഭ്യന്തര ആണവോര്‍ജ്ജ പദ്ധതിക്ക് അന്താരാഷ്ട്ര തലത്തില്‍ പുതിയ വിപണി തുറന്നു കിട്ടും. എന്‍.എസ്.ജിയില്‍ അംഗമാകുന്നതിന് കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ ശ്രമിച്ചു വരികയാണ്.

Top