സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാക്കിസ്ഥാന് തിരിച്ചടി; 40,894 കോടി നഷ്ടപരിഹാരം

pakisthan flag

ഇസ്ലാമാബാദ്;സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാക്കിസ്ഥാന് തിരിച്ചടിയായി രാജ്യാന്തര ആര്‍ബ്രിട്രേഷന്‍ കോടതിയുടെ വിധി. ചിലെ കാനഡ സംയുക്ത സംരംഭമായ ഖനന കമ്പനിക്ക് കരാര്‍ നിഷേധിച്ച കേസില്‍ നഷ്ടപരിഹാരവും പലിശയുമായി 597.6 കോടി യുഎസ് ഡോളര്‍ (ഏകദേശം 40,894 കോടി രൂപ) നല്‍കണമെന്നാണ് രാജ്യാന്തര കോടതി ഉത്തരവിട്ടിരിക്കുന്നത്.

ടെത്യാന്‍ കോപ്പര്‍ കമ്പനിയുടെ ഖനന അപേക്ഷ 2012 ല്‍ ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് കമ്പനി, ലോകബാങ്കിന്റെ രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്.

ഇറാന്‍, അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള രേകോ ദിഖില്‍ വന്‍തോതില്‍ സ്വര്‍ണവും ചെമ്പും കണ്ടെത്തിയതും ഖനനത്തിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ടെത്യാനാണ്. എന്നാല്‍, ഖനനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. 2013 ല്‍ പാക്ക് സുപ്രീം കോടതി, കമ്പനിയുമായുള്ള കരാര്‍ അസാധുവാക്കി. തുടര്‍ന്നാണ് കമ്പനി രാജ്യാന്തര കോടതിയെ സമീപിച്ചത്.ലോകത്തെ അഞ്ചാമത്തെ വലിയ സ്വര്‍ണ നിക്ഷേപമാണ് രേകോ ദിഖിലുള്ളത്.

Top