ഒമിക്രോൺ: യാത്ര നിബന്ധനകൾ കർശനമാക്കി വിദേശ രാജ്യങ്ങൾ

മിക്രോൺ വകഭേദം പുതിയ ആശങ്കയായതോടെ വിദേശികളുടെ വരവിനു കൂടുതൽ രാജ്യങ്ങൾ നിബന്ധനങ്ങൾ കർശനമാക്കി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ എത്തുന്നവർ ഒരു ദിവസം മുൻപു നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ 3 മാസത്തിനുള്ളിലെ രോഗമുക്തിയുടെ തെളിവോ ഹാജരാക്കണമെന്ന് യുഎസ് പുതിയ ചട്ടം കൊണ്ടുവന്നു.

വിമാനം പുറപ്പെടുന്നതിന് ഒരു ദിവസം മുൻപുള്ള പരിശോധനയുടെ സർട്ടിഫിക്കറ്റാണു വേണ്ടത്. അതിനിടെ, ന്യൂയോർക്കിൽ 8 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മാസച്യുസിറ്റ്സ്, വാഷിങ്ടൻ, ന്യൂജഴ്സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മു‍ൻപുള്ള നെഗറ്റീവ് പിസിആർ പരിശോധനാഫലം ബ്രിട്ടൻ നാളെ മുതൽ നിർബന്ധമാക്കി. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയയെയും ഉൾപ്പെടുത്തി.

ഓസ്ട്രേലിയയിൽ 5 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ അംഗീകാരമായി. ജനുവരി 10 മുതൽ കുത്തിവയ്പു തുടങ്ങിയേക്കും. ബ്രസീലിലെ റിയോ ഡി ജനീറോ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി. നെതർലൻഡ്സിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം തുടരുന്നു.

ഒമിക്രോൺ ആശങ്കയ്ക്കിടയിലും ക്രിസ്മസ് ആഘോഷത്തിനു ബത്‌ലഹമിൽ തുടക്കമായി. തിരുപ്പിറവി ദേവാലയത്തിനു മുന്നിൽ, കൂറ്റൻ ക്രിസ്മസ് മരം പല നിറത്തിലുള്ള വിളക്കുകളാൽ അലങ്കരിച്ചു. കഴിഞ്ഞ ക്രിസ്മസ് കാലത്തു വിജനമായിരുന്ന ഇവിടം ഇത്തവണ കൂടുതൽ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.

ദക്ഷിണാഫ്രിക്ക കുട്ടികൾക്കുള്ള വാക്സീൻ തേടുന്നു. 12 വയസ്സിൽ താഴെയുള്ള ഒട്ടേറെ കുട്ടികളിൽ ഒമിക്രോൺ വ്യാപനമുണ്ടെങ്കിലും രോഗബാധ ശക്തമല്ല. 12 വയസ്സിൽ താഴെയുള്ളവർക്കുള്ള ഒരു വാക്സീനും ദക്ഷിണാഫ്രിക്കയിൽ റജിസ്റ്റർ ചെയ്തിട്ടില്ല.

Top