വിധിയെ സ്വാഗതം ചെയ്യുന്നു; ജാദവിനെ വിട്ടയക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്ക് സൈനിക കോടതി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ.

ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു.വിധിയെ അതിന്‍റെ എല്ലാവിധ അന്ത:സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതി അംഗീകരിക്കുകയാണുണ്ടായതെന്ന് മന്ത്രി രാജ്യസഭയില്‍ പ്രസ്താവിച്ചു. നയതന്ത്ര സഹായത്തിന് ജാദവ് അര്‍ഹനാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ജാദവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളിലും കുല്‍ഭൂഷണിന്‍റെ കുടുംബം സംയമനം കൈവിടാതെ നിലകൊണ്ടു. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യയുടെ വന്‍വിജയമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്തു. കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പരിശ്രമിച്ച ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷക- നയതന്ത്ര സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

Top