ഭീകരര്‍ കൊലപാതകങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ബിറ്റ്‌കോയിന്‍ ഉപയോഗിച്ചെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഭീകര സംഘങ്ങളിലേക്കുള്ള പണമൊഴുക്ക് ശക്തമാകുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഭീകരര്‍ ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എസ്.ഐ.എസ് ലോസമാധാനത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ഐ.എസ് സജീവമാണ്. ആഫ്രിക്കയില്‍ കൂടുതല്‍ ശക്തമാകുന്നുണ്ട്. ഐ.എസിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചിട്ടുമുണ്ട്. കൊലപാതകങ്ങള്‍ക്ക് ബിറ്റ്‌കോയിനില്‍ ആണ് പ്രതിഫലം നല്‍കുന്നത്’ -ജയശങ്കര്‍ പറഞ്ഞു.

ചഞ്ചലരായ യുവാക്കളെ ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെ ഭീകരസംഘങ്ങള്‍ സ്വാധീനിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘കോവിഡിനെ കുറിച്ച് പറയുന്നതു പോലെ തന്നെയാണ് ഭീകരതയെ കുറിച്ച് പറയുന്നതും -എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരായിരിക്കില്ല.’ -ജയശങ്കര്‍ പറഞ്ഞു. ഭീകരതയെ വെള്ളപൂശുന്നതും മഹത്വവത്കരിക്കുന്നതും അവസാനിപ്പിക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

 

Top