വിദേശ നിക്ഷേപകര്‍ക്ക് പത്ത് വര്‍ഷത്തേക്ക് റസിഡന്റ് പെര്‍മിറ്റുമായി ബഹ്‌റൈന്‍

ബഹ്‌റൈന്‍: വിദേശ നിക്ഷേപകര്‍ക്ക് പത്ത് വര്‍ഷത്തെ റസിഡന്റ് പെര്‍മിറ്റ് അനുവദിക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ബഹ്‌റൈനില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന റസിഡന്റ് പെര്‍മിറ്റ് സംവിധാനത്തിന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍ മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് അനുമതി നല്‍കിയത്.

വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പത്ത് വര്‍ഷത്തേക്ക് പുതുക്കാന്‍ കഴിയുന്ന റസിഡന്റ് പെര്‍മിറ്റുകളാണ് അനുവദിക്കപ്പെടുക. യു.എ. ഇ യില്‍ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കാരത്തിന്റെ സമാന രീതിയിലുള്ള സംവിധാനമാണ് ബഹ്‌റൈനിലും ഇത് വഴി നടപ്പാക്കുന്നത്.

ബഹ്‌റൈനില്‍ നിക്ഷേപ സാധ്യതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പുതിയ നയം വാണിജ്യവ്യവസായിക മേഖലകളില്‍ ഉണര്‍വ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സംവിധാനം സംബന്ധിച്ച കരട് രേഖ തയ്യാറാക്കാന്‍ കിരീടാവകാശി ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Top