വിദേശ നിക്ഷേപം; മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് മുകേഷ് അംബാനിയുടെ കുടുംബത്തിന് നോട്ടീസ് അയച്ചത്.

ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് മാര്‍ച്ചിലാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്.

അതേസമയം ഇത്തരത്തില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. 2003 നവംബര്‍ അഞ്ചിനാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍പ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്.

എന്നാല്‍, നോട്ടീസിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് റിലയന്‍സ് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

Top