ഫോര്‍ഡിന്റെ കാര്‍ നിര്‍മാണ പ്ലാന്റ് ടാറ്റ മോട്ടോർസ് വാങ്ങി

ഗുജറാത്തിലെ സാനന്ദിലുള്ള ഫോര്‍ഡ് ഇന്‍ഡ്യ നിര്‍മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ടാറ്റ മോട്ടോർസും ഫോര്‍ഡും തമ്മിലുള്ള കരാര്‍ തീരുമാനമായി. ടാറ്റ മോട്ടോർസ് ഇവി ഏകദേശം 726 കോടി രൂപയ്ക്ക് നിര്‍മാണ യൂണിറ്റ് വാങ്ങി. അമേരിക്കന്‍ ഓട്ടോമൊബൈല്‍ കംമ്പനിയായ ഫോര്‍ഡ് മോട്ടോർസ് 2021 സെപ്റ്റംബറില്‍ ഇന്ത്യ വിട്ട് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് കരാറിന്റെ അംഗീകാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. സാനന്ദില്‍ ടാറ്റയ്ക്ക് മറ്റൊരു നിര്‍മാണ യൂണിറ്റുണ്ട്, അവിടെയാണ് ടാറ്റ നാനോ നിര്‍മിച്ചത്, ഇത് ഫോര്‍ഡ് പ്ലാന്റിന് എതിര്‍വശത്താണ്.

നേരിട്ടും പരോക്ഷമായും ഏകദേശം 23000 ജീവനക്കാരാണ് ഫോര്‍ഡ് ഇന്ത്യയ്ക്കുള്ളത്. സാനന്ദിലെ ഫോര്‍ഡ് മാനിഫാക്‌ചറിംഗ് പ്ലാന്റില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ജോലി നല്‍കുമെന്ന് ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്. ഇത് ടാറ്റയുടെ ഔദാര്യമാണ്. നിരവധി കുടുംബങ്ങള്‍ക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും. ഫോര്‍ഡിന്റെ പ്ലാന്റ് വാങ്ങിയതിന് ശേഷമുള്ള ഭൂമി കൈമാറ്റ നിരക്ക് ഒഴിവാക്കണമെന്ന് ടാറ്റ മോട്ടോർസ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്‌..

2011-ലാണ് 8000 കോടി രൂപ മുടക്കി ഫോര്‍ഡ് സാനന്ദില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചത്. ഏകദേശം 10 വര്‍ഷത്തിനിടെ ഇന്ത്യൻ വിപണിയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ട ഫോര്‍ഡ്, ഒടുവില്‍ സെപ്റ്റംബറില്‍ രാജ്യം വിടാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് എല്ലാ ഫോര്‍ഡ് കാറുകളുടെയും നിര്‍മാണം നിര്‍ത്തുകയും ചെയ്തു. സാനന്ദ് പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം മുതല്‍ 4.2 ലക്ഷം വരെ കാറുകള്‍ നിര്‍മിക്കാനാകും. ഇവിടെ ടാറ്റ പാസഞ്ചര്‍ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) അതിന്റെ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.

Top