കയറ്റുമതിക്കായി ഇക്കോസ്‌പോര്‍ട്ടിന്റെ നിര്‍മാണം പുനരാരംഭിച്ച് ഫോഡ്

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ജനപ്രിയ മോഡലായ ഇക്കോസ്‌പോര്‍ട്ടിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

കയറ്റുമതി വിപണികള്‍ക്കായിട്ടാണ് ഫോര്‍ഡ് ഇന്ത്യ ചെന്നൈ പ്ലാന്റില്‍ ഇക്കോസ്‌പോര്‍ട്ട് കോംപാക്റ്റ് എസ്‌യുവിയുടെ ഉത്പാദനം പുനരാരംഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 30,000 യൂണിറ്റുകളുടെ കയറ്റുമതി കൂടി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. 2021 അവസാനത്തോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോഡ് ഇന്ത്യയിലെ തൊഴിലാളി യൂണിയനും ഫോഡ് മോട്ടോര്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. മുന്‍പ് യോഗം ചേര്‍ന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ വാഹന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ സെപ്റ്റംബര്‍ 9 നാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം നാലാം പാദത്തോടെ വാഹന നിര്‍മാതാവ് സനന്ദിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ചെന്നൈയിലെ വാഹന, എഞ്ചിന്‍ നിര്‍മ്മാണം 2022 രണ്ടാം പാദത്തോടെ നിര്‍ത്തും. സനന്ദിലെ എഞ്ചിന്‍ നിര്‍മാണ പ്ലാന്റ് മാത്രമായി കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ചുരുങ്ങും.

ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നായ ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയിലെത്തിയിട്ട് എട്ടു വര്‍ഷം തികഞ്ഞിരുന്നു. 2013-ല്‍ ഇന്ത്യയിലെത്തിയ എക്കോസ്‌പോര്‍ട്ട് 2015 ആയപ്പോഴേക്കും രണ്ടുലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന എക്കോസ്‌പോര്‍ട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോര്‍ഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതല്‍ ഇന്ത്യയില്‍ നിര്‍മിച്ച എക്കോസ്‌പോര്‍ട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

2018-ല്‍ ആണ് ഈ വാഹനം ആദ്യമായി മുഖം മിനുക്കി എത്തുന്നത്. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. 2021 എക്കോസ്‌പോര്‍ട്ടിനെ അടുത്തിടെയാണ് ഫോര്‍ഡ് അവതരിപ്പിക്കുന്നത്.

 

Top