വിപണിയിലെത്താന്‍ ഒരുങ്ങി ഫിഗോയുടെ പരിഷ്‌കരിച്ച പതിപ്പ്

കൊച്ചി: വിപണിയിലെത്താന്‍ ഒരുങ്ങി ഫിഗോയുടെ പരിഷ്‌കരിച്ച പതിപ്പ്. ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോ രൂപഭാവത്തില്‍ കാര്യമായ മാറ്റം വരുത്തിയാണ് വിപണിയിലേക്ക് എത്തുന്നത്. പരിഷ്‌കരിച്ച മുന്‍പിന്‍ ബമ്പറുകള്‍, നവീകരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍, പുതിയ മള്‍ട്ടി സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ എന്നിവയെല്ലാം പുതിയ ഫിഗോയെ വ്യത്യസ്തമാക്കുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ കണ്‍ട്രോള്‍, പുത്തന്‍ അപ്‌ഹോള്‍സ്ട്രി എന്നിവയും വാഹനത്തിനുണ്ടാവും. സുരക്ഷ മെച്ചപ്പെടുത്താന്‍ ഇരട്ട എയര്‍ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹില്‍ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയുമുണ്ട്.

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഫ്‌ളോട്ടിങ് ഡിസ്‌പ്ലേ എന്നിവയുമുണ്ട്. ഫോര്‍ഡ് ആസ്പയര്‍ പരീക്ഷിച്ചു വിജയിച്ച എന്‍ജിനുകള്‍ തന്നെയാണ് ഫിഗൊയ്ക്കും കരുത്തേകുക. ഡ്രാഗണ്‍ വിഭാഗത്തിലെ 1.2 ലീറ്റര്‍ പെട്രോള്‍(പരമാവധി 96 ബി എച്ച് പി കരുത്തും 120 എന്‍ എം ടോര്‍ക്കും), 1.5 ലീറ്റര്‍ പെട്രോള്‍(123 ബി എച്ച് പി വരെ കരുത്തും 150 എന്‍ എം ടോര്‍ക്കും), 1.5 ലീറ്റര്‍ ഡീസല്‍(100 ബി എച്ച് പി കരുത്തും 215 എന്‍ എം ടോര്‍ക്കും) എന്‍ജിനുകളോടെയാവും ഫിഗോ കരുത്ത് കാണിക്കുക.

Top