കാർ നിർമാണം നിർത്തിയെങ്കിലും 505 കോടിയുടെ ലാഭം കൊയ്ത് ഫോഡ്‌ ഇന്ത്യ

നഷ്ടത്തെ തുടർന്നായിരുന്നു 2021 സെപ്റ്റംബറിൽ ഫോ‍ഡ് ഇന്ത്യയിലെ കാർ നിർമാണം അവസാനിപ്പിക്കുന്നത്.2022 ജൂലൈയിൽ പൂർണമായും ഇന്ത്യയിലെ കാർ നിർമാണം നിർത്തിയെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴും ലാഭത്തിലാണ് കമ്പനിയെന്നാണ് ഫോഡ് ഇന്ത്യ അറിയിക്കുന്നത്. 2022-23 സാമ്പത്തിക വർഷം 505 കോടി രൂപയുടെ ലാഭമുണ്ടായതായി കമ്പനി പറയുന്നത്.

2022-23 സാമ്പത്തികവർഷം 7,079 കോടി രൂപ വരുമാനമാണ് ഫോ‍ഡ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ വൈദ്യുത കാർ നിർമാണം ഇന്ത്യയിൽ ഫോഡ്‍‌ ആരംഭിച്ചെങ്കിലും മൂന്നു മാസങ്ങൾക്ക് ശേഷം മേയിൽ അവസാനിപ്പിച്ചിരുന്നു. വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവുണ്ടായെങ്കിലും പ്രവർത്തന രീതിയിൽ വരുത്തിയ മാറ്റങ്ങളാണ് വരമാനത്തിൽ നേട്ടം തുടരാൻ സഹായകമാകുന്നത്.

ഇന്ത്യൻ വിപണിയിൽ 980 കോടി രൂപയുടെ കാറുകളാണ് ഫോഡ് ഇന്ത്യ വിറ്റത്. 2022-23 സാമ്പത്തികവർഷം കാറുകളുടെ എണ്ണം നോക്കിയാൽ 17,219 കാറുകളും 1,77,864 എൻജിനുകളുമാണ് ഫോഡ് ഇന്ത്യയിൽ വിറ്റത്. മുൻ വർഷം ഇത് യഥാക്രമം 69,223 കാറുകളും 82,067 എൻജിനുകളുമായിരുന്നു. വാഹന വിൽപനയിലെ കുറവ് എൻജിൻ വിൽപനയിൽ പരിഹരിച്ചതോടെയാണ് ഫോഡ് ഇന്ത്യ 505 കോടി രൂപയുടെ ലാഭം നേട്ടത്തിലെത്തിച്ചത്.

2022 ജൂലൈയിലാണ് ഫോഡിന്റെ ചെന്നൈ പ്ലാന്റിൽ നിന്നും അവസാനത്തെ ഇകോ സ്‌പോർട്ട് എസ്‌യുവി പുറത്തിറങ്ങിയത്. ഫോഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിർമാണ ഫാക്ടറി 2023 ജനുവരിയിൽ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലെ ഫാക്ടറി വിൽക്കാനുള്ള ശ്രമങ്ങൾ ഫോഡ് തുടരുന്നുമുണ്ട്.

Top