ford drops family car development in india

ന്ത്യയും ചൈനയും പോലുള്ള എമേര്‍ജിങ് വിപണികള്‍ക്കായി പുതിയ കോംപാക്ട് ഫാമിലി കാര്‍ രൂപകല്‍പ്പന ചെയ്യാനുള്ള പദ്ധതി യു എസ് നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഉപേക്ഷിച്ചു.

ചൈനയും ഇന്ത്യയും പോലെ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന വിപണികളില്‍ പ്രധാന മോഡലുകളുടെ വില്‍പ്പനയില്‍ നേരിടുന്ന ഇടിവ് പരിഗണിച്ചാണു ഫോഡിന്റെ നിലപാട് മാറ്റം.

നിര്‍ദിഷ്ട ‘ബി 500’ ശ്രേണിയുടെ പ്രധാന നിര്‍മാണ കേന്ദ്രങ്ങളായി ഇന്ത്യയെയും ചൈനയെയുമാണു ഫോഡ് പരിഗണിച്ചിരുന്നത്. പ്രീമിയം സെഡന്, ഹാച്ച്ബാക്ക്, സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം എന്നിവ ഉള്‍പ്പെടുന്ന ഈ പുത്തന്‍ ശ്രേണിയുടെ ഉല്‍പ്പാദനം 2018ല്‍ ആരംഭിക്കാനായിരുന്നു ഫോഡിന്റെ നീക്കം.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ ബ്രസീല്‍, റഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലും ‘ബി 500’ ശ്രേണിയിലെ വാഹനങ്ങള്‍ നിര്‍മിച്ചു വില്‍ക്കാന്‍ ഫോഡിനു പദ്ധതിയുണ്ടായിരുന്നു.

പുതിയ കാര്‍ നിര്‍മാണത്തില്‍ നിന്നു പിന്‍മാറുന്ന കാര്യം ജൂലൈയില്‍ തന്നെ ഫോഡ് സപ്ലയര്‍മാരെ അറിയിച്ചിരുന്നു.

500 കോടി ഡോളര്‍(33,286 കോടിയോളം രൂപ) ഇന്ത്യയില്‍ പുത്തന്‍ കോംപാക്ട് വാഹന ശ്രേണി അവതരിപ്പിക്കാനുള്ള പദ്ധതി നീട്ടിവയ്ക്കാന്‍ യു എസ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് തീരുമാനിച്ചതും ഫോഡിന്റെ നിലപാടിനെ സ്വാധീനിച്ചെന്നാണു സൂചന.

‘ബി 500’ ശ്രേണി ഉപേക്ഷിച്ചതിനു പകരമായി 2020-21നുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ‘ഇകോസ്‌പോര്‍ട്’, ‘ഫിഗൊ’, ‘ഫിഗൊ ആ്‌സപയര്‍’ എന്നിവ പരിഷ്‌കരിക്കാനാണു ഫോഡ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇന്ത്യയിലും ചൈനയിലും ചെറു, ഇടത്തരം ഹാച്ച്ബാക്കുകള്‍ക്കും സെഡാനുകള്‍ക്കുമുള്ള ആവശ്യം ഇടിഞ്ഞതാണ് ‘ബി 500’ വാഹന വികസന പദ്ധതിയില്‍ നിന്നു പിന്‍മാറാന്‍ ഫോഡിനെ പ്രേരിപ്പിച്ചത്.

ഇത്തരം മോഡലുകള്‍ക്കു പകരം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടും ഹാച്ച്ബാക്കും എസ് യു വിയും സമന്വയിക്കുന്ന ക്രോസോവറുകളോടുമാണ് ഈ വിപണികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രതിപത്തി.

പുതിയ കാര്‍ നിര്‍മാണത്തിനായി നിലവിലുള്ള ഉല്‍പ്പാദനശാലകളെ സജ്ജമാക്കാനുള്ള കനത്ത ചെലവും പദ്ധതി ഉപേക്ഷിക്കാന്‍ ഫോഡിനെ പ്രേരിപ്പിച്ചെന്നാണു സൂചന. അതേസമയം ‘ബി 500’ ശ്രേണി വികസനം ഉപേക്ഷിച്ചെന്ന വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫോഡ് തയാറായിട്ടില്ല.

Top