പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍ ഒക്ടോബര്‍ നാലിന് ഇന്ത്യയിലേക്ക്

പുതിയ ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തുന്നു. പരിഷ്‌കരിച്ച കോമ്പാക്ട് സെഡാന്റെ പ്രീബുക്കിംഗ് കഴിഞ്ഞമാസം മുതല്‍ക്കെ കമ്പനി തുടങ്ങിയിരുന്നു. ബുക്കിംഗ് തുക 11,000 രൂപയാണ്.

ബമ്പറുകളുടെ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ആസ്‌പൈറിന്റെ വരവ്. മെഷ് ഘടന പാലിക്കുന്ന വീതിയേറിയ മുന്‍ ഗ്രില്ല് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന സവിശേഷതയാണ്. അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡായിരിക്കും ശ്രദ്ധയാകര്‍ഷിക്കുക. പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങുന്നത്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള ഫോര്‍ഡ് SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് മോഡലിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ പ്രതീക്ഷിക്കാം. ബീജ് – ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്ന അകത്തളം പുതുമ സമര്‍പ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറും.

ഫ്രീസ്‌റ്റൈലില്‍ ഇടംപിടിക്കുന്ന പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സിരീസ് പെട്രോള്‍ എഞ്ചിന്‍ ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ തുടിക്കും. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാകും കാറില്‍. അതേസമയം ആവശ്യമെങ്കില്‍ പുതിയ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനും ആസ്‌പൈര്‍ പെട്രോള്‍ മോഡലില്‍ ഫോര്‍ഡ് അവസരം നല്‍കും. ഡീസല്‍ എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകില്ല. ആസ്‌പൈറിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 98.6 bhp കരുത്തും 215 Nm torque ഉം പരമാവധിയേകും.

Top