ശാന്തമാകാതെ മണിപ്പൂര്‍; ഒരു ജില്ലയില്‍ ഒരു സേന എന്ന നിലയില്‍ സേനകളെ വിന്യസിച്ചേക്കും

ഇംഫാല്‍: മണിപ്പൂരില്‍ അശാന്തി തുടരവേ ഒരു ജില്ലയില്‍ ഒരു സേന എന്ന നിലയില്‍ സേനകളെ വിന്യസിച്ചേക്കും. ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും സേനകള്‍ തമ്മിലുള്ള അസ്വാരാസ്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റേയും ഭാഗമായാണ് നടപടി. ഇരുന്നൂറിലധികം കമ്പനി സേനയാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

മെയ്തെയ് വിഭാഗത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മണിപ്പൂരില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ വസതിക്ക് മുന്നില്‍ അടക്കം മെയ്തെയ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും. വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കാന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്നാഗറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇംഫാലില്‍ എത്തിയിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.

ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്തേയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് അഫ്സ്പാ നിയമം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം അഫ്സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല.

വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തിനായി സായുധ സേനയെ ഉപയോഗിക്കണമെന്നാണ് അഫ്സ്പാ സംബന്ധിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

Top