‘അശ്ലീല വെബ്‌സീരീസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു’: ഒടിടി പ്ലാറ്റ്ഫോമിനെതിരെ പരാതിയുമായി യുവാവ്

എറണാകുളം: ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച അഡല്‍സ് ഒണ്‍ലി സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍. ഒടിടി പ്ലാറ്റ്‌ഫോമായ യെസ്മക്കെതിരെയാണ് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി അല്‍പസമയത്തിനുള്ളില്‍ ഹൈക്കോടതി പരിഗണിക്കും.

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് തന്നെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് ആരോപിച്ച് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കുമെതിരെ രംഗത്തെത്തിയത്. അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിച്ചു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്നാണ് യുവാവിന്റെ പരാതി.

അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.

യുവാവിന്റെ പരാതിക്ക് പിന്നാലെ സീരീസിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്‌നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക അവകാശപ്പെടുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞിരുന്നു.സംഭവത്തില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും സംവിധായികയ്ക്കുമെതിരെയും വഞ്ചനാക്കുറ്റം ചുമത്തി വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.

Top