ട്രാവലറിന്റെ പുതിയ മോഡൽ ‘T1N’ വരുന്നു; പ്രഖ്യാപനവുമായി ഫോഴ്‌സ് മോട്ടോർസ്

വിനോദ യാത്രകൾക്കും കല്ല്യാണ ട്രിപ്പുകൾക്കും ആംബുലൻസിൻറെ രൂപത്തിലുമൊക്കെ പരിചിതമായ വാഹനമാണ് ഫോഴ്‌സ് ട്രാവലർ. ആദ്യ കാലത്ത് ടെമ്പോ ട്രാവലർ എന്നറിയപ്പെട്ടിരുന്ന ഈ വാഹനം ഇപ്പോൾ നിരത്തുകളിൽ സജീവമാണ്.

ഒരുപതിറ്റാണ്ട് മുമ്പ് ബജാജ് ടെമ്പോ ലിമിറ്റഡ് പേരുമാറ്റം നടത്തി ഫോ‌ഴ്‌സ് മോട്ടോർസ് ആയതോടെയാണ് ട്രാവലർ കൂടുതൽ ആധികാരികത നേടിയെടുത്തത്. ഇപ്പോൾ ട്രാവലറിനും പുതിയമാറ്റം വരാൻ പോകുന്നുവെന്നാണ് വിവരം. 2020 ഓട്ടോ എക്‌സ്‌പോയിൽ ഫോഴ്‌സ് മോട്ടോർസ് അവരുടെ അടുത്ത തലമുറ പങ്കിട്ട മൊബിലിറ്റി പ്ലാറ്റ്‌ഫോം പ്രദർശിപ്പിച്ചിരുന്നു.

ഫോ‌ഴ്‌സ് ട്രാവലറിന്റെ അടുത്ത തലമുറ വാഹനം പുതിയ T1N മൊബിലിറ്റി പ്ലാറ്റ്ഫോമിൽ കമ്പനി വികസിപ്പിക്കുന്ന ആദ്യ മോഡലായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ‘T1N’ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാൻ ഏകദേശം നാല് വർഷമെടുത്തെന്നാണ് കമ്പനി പറയുന്നത്. 1,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ഇതിനായി മുടക്കിയെന്നും ഫോഴ്‌സ് പറയുന്നു.

ക്രിസ്റ്റൻ ചെയ്ത T1N എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോം ഒരു മോണോകോക്ക് ആർക്കിടെക്ച്ചറാണ്. ഇത് ഇന്റേണൽ കമ്പഷൻ എഞ്ചിനുകളേയും ഓൾ-ഇലക്ട്രിക് പവർട്രെയിനുകളേയും പിന്തുണയ്ക്കാൻ സഹായിക്കും. എക്‌സ്‌പോയിൽ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് മിനിബസിനെയും കമ്പനി പ്രദർശിപ്പിച്ചിരുന്നു.

കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങൾ ഇന്ത്യൻ വിപണിയിലും വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുതിയ വിവരം.

Top