ആംബുലന്‍സുകള്‍ക്ക് വന്‍ ഡിമാന്റ്; ഫോഴ്‌സ് ഗൂര്‍ഖ ഇനിയും വൈകും

ത്സവ സീസണില്‍ വിപണിയില്‍ എത്തിക്കാനിരുന്ന ഫോഴ്‌സ് ഗൂര്‍ഖ ഇനിയും വൈകും. ഈ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് രണ്ടാം തലമുറ ഗൂര്‍ഖയെ നിര്‍മ്മാതാക്കളായ ഫോഴ്‌സ് അവതരിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും മൂലം വാഹനത്തിന്റെ അവതരണം വൈകുകയായിരുന്നു.

അതേസമയം, നിരത്തുകളില്‍ ഗൂര്‍ഖയുടെ പരീക്ഷണയോട്ടം സജീവമാണ്. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

നേരത്തെ, ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍, വാഹനത്തിന്റെ അരങ്ങേറ്റം അടുത്ത വര്‍ഷം വരെ നീട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്. വ്യക്തമായ തീയതിയോ മാസമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കോവിഡ് മഹാമാരി കാരണം, ഫോഴ്‌സ് ആംബുലന്‍സില്‍ വന്ന വന്‍ ഡിമാന്റാണ് ഗൂര്‍ഖ വൈകുന്നതിന് പിന്നിലെ കാരണം. ആംബുലന്‍സുകളുടെ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് ട്രാവലറുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.

Top