ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചയ്ക്ക് ഇനിയും കഠിനാദ്ധ്വാനം ചെയ്യണം:ഇഗോര്‍ സ്റ്റിമാക്

ഡല്‍ഹി: എഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ മൂന്ന് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളിലായി ആറ് ഗോള്‍ വഴങ്ങിയ ഇന്ത്യ ഒരു ഗോള്‍ പോലും നേടിയില്ല. സമീപകാല മികച്ച പ്രകടനങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ പ്രതികരിക്കുകയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്.

ഏഷ്യന്‍ കപ്പിലെ മൂന്ന് മത്സരങ്ങളും മികച്ച അനുഭവമായിരുന്നു. മികച്ച ടീമുകളോടെ മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. അടുത്ത ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കൂടുതല്‍ കരുത്തരാകും. മത്സരങ്ങളില്‍ ഇന്ത്യ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ താരങ്ങളുടെ പരിചയക്കുറവാണ് ഗോളടിക്കാന്‍ കഴിയാതിരുന്നതെന്നും സ്റ്റിമാക് പ്രതികരിച്ചു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചയ്ക്ക് ഇനിയും കഠിനാദ്ധ്വാനം ചെയ്യണമെന്ന് സ്റ്റിമാക് പറഞ്ഞു. ശക്തമായ എതിരാളികളോട് മത്സരിച്ചാല്‍ മാത്രമെ ഇന്ത്യന്‍ ഫുട്‌ബോളിന് മുന്നോട്ട് പോകാന്‍ കഴിയു. താനൊരു മാന്ത്രികനല്ല. താന്‍ ഇന്ത്യന്‍ ഫുട്‌ബോളിനായി കഠിനാദ്ധ്വാനം ചെയ്യുന്നു. തോല്‍വിയില്‍ വിമര്‍ശിക്കുന്നവരോട് ക്ഷമയോടെ കാത്തിരിക്കാനെ പറയാന്‍ കഴിയു. ഒരു രാത്രികൊണ്ട് ഫുട്‌ബോളില്‍ അത്ഭുതം കാട്ടാന്‍ കഴിയില്ല. ലോകകപ്പ് യോഗ്യതാ മത്സരം വിജയിക്കാനാണ് ഇപ്പോഴുള്ള ശ്രമമെന്നും സ്റ്റിമാക് വ്യക്തമാക്കി.

Top