കൊച്ചി കോർപറേഷന്‍റെ ചരിത്രത്തിലാദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം സ്വന്തമാക്കി ബിജെപി

കൊച്ചി : കൊച്ചി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. കോർപറേഷന്‍റെ ചരിത്രത്തിലാദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപി സ്വന്തമാക്കി. സ്റ്റാൻഡിംഗ്
കമ്മിറ്റി തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് സിപിഐഎം കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവച്ചു. അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്താണ് നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ. 7 സമിതികളിൽ എൽഡിഎഫ് വിജയിച്ചു.

ഇരുപത്തിയേഴ് കൗൺസിലർമാരുള്ള കോൺഗ്രസ് ഒരു സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും നേടാനാവാതെ തകർന്നു. പൊതുമരാമത്ത് സ്ഥിരം സമിതിയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ആർഎസ്പിയിലെ സുനിതാ ഡിക്സനാണ് അധ്യക്ഷ. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൗൺസിലറായ എംഎച്ച്എം അഷറഫ് പാർട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. നഗരാസൂത്രണസമിതി ചെയർമാൻ സ്ഥാനം അഷറഫ് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

Top