ചരിത്രത്തില്‍ ആദ്യമായി താജ്മഹലിന് വസ്തു നികുതിയും ജല ബില്ലും ഒടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്

ലക്‌നൗ: 370 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി താജ്മഹലിന് വസ്തു നികുതിയും ജല ബില്ലും ഒടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകളാണ് ബില്ലുകൾ കുടിശ്ശിക വരുത്തിയതിന് താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ് അയച്ചത്. ഒരു കോടി രൂപയിലധികം കുടിശ്ശിക നല്‍കാനാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ മൂന്ന് നോട്ടീസുകളാണ് ലഭിച്ചിട്ടുള്ളത്. താജ്മഹലിന് രണ്ട് നോട്ടീസും ആഗ്ര ഫോട്ടിന് ഒരു നോട്ടീസുമാണ് ലഭിച്ചത്.

എന്നാല്‍ നോട്ടീസ് നല്‍കിയ നടപടി ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. താജ്മഹലിന് നോട്ടീസ് ലഭിച്ചിരിക്കുന്നത് നികുതി, ജലവിതരണ വകുപ്പില്‍ നിന്നുമാണ്. ഒരു കോടി രൂപയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സുപ്രണ്ട് രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു. സ്മാരകങ്ങള്‍ക്ക് ഇത്തരം നികുതികള്‍ ബാധകമല്ല. അതിനാല്‍ ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സ്മാരകത്തിന് വസ്തു നികുതിയോ വീട്ടുനികുതിയോ ബാധകമല്ല. ഉത്തര്‍പ്രദേശിലേയും മറ്റ് സംസ്ഥാനങ്ങളിലേയും നിയമങ്ങളില്‍ ഈ വ്യവസ്ഥയുണ്ട്. ജല വിതരണത്തെ സംബന്ധിച്ചിടത്തോളം മുന്‍കാലങ്ങളില്‍ ഇത്തരമൊരു ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വാട്ടര്‍ കണക്ഷനുകളില്ല. താജ് സമുച്ചയത്തിനുള്ളില്‍ പരിപാലിക്കുന്ന പുല്‍ത്തകിടികള്‍ പൊതുസേവനത്തിന് മാത്രമുള്ളതാണ്. അതിന് കുടിശ്ശികയുടെ പ്രശ്‌നമില്ല,’ എന്നും പട്ടേല്‍ പറഞ്ഞു.

മുഗള്‍ രാജവംശത്തിലെ ചക്രവര്‍ത്തിമാരുടെ പ്രധാന വസതിയായിരുന്നു ആഗ്ര കോട്ട. ഈ ചരിത്രസ്മാരകത്തിന് അഞ്ച് കോടി രൂപ നികുതി ആവശ്യപ്പെട്ടതായും എഎസ്‌ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലോക പൈതൃക സ്മാരകമായ ആഗ്ര കോട്ടയ്ക്കായി കന്റോണ്‍മെന്റ് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ നിന്ന് സ്മാരകങ്ങളെ ഒഴിവാക്കുമെന്ന് മറുപടി നല്‍കിയിട്ടുണ്ട്. സ്മാരകങ്ങള്‍ക്ക് നോട്ടീസ് നല്‍കാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top