ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇടനില നില്‍ക്കില്ലെന്ന് അമേരിക്ക; പുതിയ മാര്‍ഗ്ഗം തേടി പാക്കിസ്ഥാന്‍

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്ന പാക്കിസ്ഥാന്‍ ആവശ്യം തള്ളി അമേരിക്ക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്ങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നത് ഇരു രാജ്യങ്ങളിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രതികരിച്ചിരുന്നു.

എന്നാല്‍, ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ നിന്നുകൊണ്ട് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാകില്ലെന്നാണ് അമേരിക്കന്‍ നിലപാട്. പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച് അമേരിക്കയുടെ മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാല്‍ട്ടണ്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ മറ്റ് അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് ശരിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. സ്ഥിതി തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ ഉണ്ടാകുമെന്നും പാക്ക് നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. സര്‍ജിക്കല്‍ സട്രൈക്കും മറ്റും പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ നടക്കുന്ന ചില പ്രചരണങ്ങള്‍ മാത്രമാണതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യ വളരെപ്പെട്ടെന്ന് ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയായിരുന്നു. അവര്‍ക്ക് മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ തുറന്നു പറയണം. തുറന്നു പറച്ചിലുകളുലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധിക്കൂ എന്ന ഖുറേഷിയും ആവശ്യപ്പെട്ടു. എന്നാല്‍, അതിര്‍ത്തിയില്‍ മൂന്ന് പൊലീസുകാര്‍ മൃഗീയമായി കൊല്ലപ്പെട്ടതും സ്റ്റാമ്പ് പ്രശ്ങ്ങളും ഒന്നും തന്നെ ഖുറേഷിയോ നയതന്ത്ര വിദഗ്ധനോ പരാമര്‍ശിച്ചില്ല.

അധികാരത്തിലെത്തിയ സമയത്തു തന്നെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഇന്ത്യ-കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയും സമാധാനം പുനസ്ഥാപിക്കുകയുമാണ് മുഖ്യ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു സമാധാന ചര്‍ച്ച. എന്നാല്‍ അതിനിടയില്‍ തന്നെയാണ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ കലുഷിതമായത്.

Top