ഓണത്തിന് ‘കൈ നീട്ടാ’നൊരുങ്ങി കേരളം ; 6000 കോടി കടമെടുക്കും

തിരുവനന്തപുരം: ഓണച്ചെലവിനായി 6000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാന്‍ തയ്യാറായി ധനവകുപ്പ്.

പൊതുവിപണിയില്‍ നിന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള വായ്പയാണ് എടുക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. ഇതിന്റെ പലിശ നിരക്ക് എട്ടുമുതല്‍ ഒമ്പതു ശതമാനം വരെയാണ്.

ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍, ഉത്സവ കാല ബത്ത എന്നിവ നല്‍കാന്‍ ഓണക്കാലത്ത് 8000 കോടി രൂപ ആവശ്യമായി വരും. അതില്‍ 6000 കോടി വായ്പയും ബാക്കി മദ്യം, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി, രജിസ്‌ട്രേഷന്‍ വരുമാനം എന്നിവയില്‍ നിന്നും കണ്ടെത്താനാണ് ധനവകുപ്പിന്റെ തീരുമാനം.

ജി.എസ്.ടി. നടപ്പാക്കിയതിന്റെ ആദ്യ മാസങ്ങളായതിനാല്‍ നികുതി പിരിവില്‍ അനിശ്ചിതത്വമുണ്ട്. ജൂലായ് മാസത്തെ റിട്ടേണ്‍ നല്‍കാന്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ പത്തുവരെ വ്യാപാരികള്‍ക്ക് സാവകാശുണ്ട്. താത്കാലിക റിട്ടേണ്‍ ഓഗസ്റ്റ് 20 നുള്ളില്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്. ഓഗസ്റ്റിലെ റിട്ടേണ്‍ സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയും നല്‍കാം. അതിനാല്‍ ഇപ്പോഴത്തെ നികുതി പൂര്‍ണമായും ലഭിക്കാന്‍ താമസമുണ്ടാകും.

നിലവില്‍ മദ്യത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും നികുതി മാത്രമാണ് സര്‍ക്കാരിന് കൃത്യമായി ലഭിക്കുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ വരുമാനവുമുണ്ട്. മറ്റ് സാധനങ്ങളുടെ നികുതി വാറ്റില്‍ മാസം 1500 കോടിയോളം ലഭിച്ചിരുന്നു. ഇതിന് സമാനമായി ജി.എസ്.ടിയില്‍ ലഭിക്കേണ്ട തുകയാണ് വൈകുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

Top