‘മാമാങ്കം’, ആദ്യ ഷോ കാണണം; റിലീസ് ദിനത്തില്‍ നിശ്ചയിച്ച വിവാഹം, നേരത്തെ നടത്തി യുവാവ്

എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ചിത്രം കാണാന്‍ മമ്മൂട്ടി ആരാധകന്‍ ചെയ്ത സംഭവം കേട്ട് ഞെട്ടി ഇരിക്കുകയാണ് സോഷ്യല്‍മീഡിയ. മാമാങ്കത്തിന്റെ ഫസ്റ്റ് ഷോ കാണാന്‍ തന്റെ വിവാഹം തന്നെ മാറ്റി വെച്ചിരിക്കുകയാണ് ഈ യുവാവ്.

മെയ്മോന്‍ സുരേഷ് എന്ന ചെറുപ്പക്കാരനാണ് തീരുമാനിക്കപ്പെട്ടിരുന്ന വിവാഹ തീയ്യതി മാറ്റി നേരത്തെ കല്യാണം നടത്തിയത്. സിനിമയുടെ റിലീസ്ദിനമായ നവംബര്‍ 21നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ അഭ്യര്‍ഥനപ്രകാരം പെണ്‍വീട്ടുകാരുടെ കൂടി സമ്മതത്തോടെ വിവാഹ തീയതി മാറ്റി നിശ്ചയിക്കുകയായിരുന്നു. ഇന്നലെ ആയിരുന്നു യുവാവിന്റെ കല്യാണം. മെയ്മോന്റെയും വധുവിന്റെയും വിവാഹ ചിത്രത്തോടൊപ്പം സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഫേസ്ബുക്കില്‍ ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടതോടെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിത്താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നവംബര്‍ 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top