അറ്റകുറ്റപ്പണികള്‍ക്കായി മാര്‍ച്ചു വരെ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടും

കൊച്ചി : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് മാര്‍ച്ചു വരെ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടും.

കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഏഴുമാസത്തിനിടയില്‍ മാറ്റാന്‍ കഴിഞ്ഞത് 40 കിലോമീറ്റര്‍ പാളം മാത്രമാണ്.

150 കിലോമീറ്റര്‍ പാളംകൂടി ഇനിയും മാറ്റേണ്ടതുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം, കായംകുളം-തിരുവനന്തപുരം ഭാഗത്താണ് പ്രധാന ജോലികള്‍ ഉള്ളത്.

അറ്റകൂറ്റപ്പണി വേഗത്തിലാക്കാന്‍ പാളവും സ്ലീപ്പറും ഒരുമിച്ച് മാറ്റാന്‍ കഴിയുന്ന പ്രത്യേക യന്ത്രമെത്തിക്കും.

ഇതിലൂടെ അഞ്ചു മണിക്കൂര്‍ കൊണ്ട് ഒരു കിലോമീറ്റര്‍ പാളവും സ്ലീപ്പറുകളും മാറ്റാന്‍ സാധിക്കും.

ട്രെയിനുകളെപ്പോലെ പാളത്തില്‍ ഓടിക്കാന്‍ കഴിയുന്നതാണ് ഈ യന്ത്രം. ഇതു പാളത്തില്‍ നിന്നും മാറ്റാതെ ട്രെയിന്‍ കടത്തി വിടാനാകില്ല.

അതിനാല്‍, നിശ്ചിത സമയം ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നതാണ് പോരായ്മ.

ജീവനക്കാരെ ഉപയോഗിക്കുകയാണെങ്കില്‍ അത്യാവശ്യഘട്ടങ്ങളില്‍ ജോലി നിര്‍ത്തിവെച്ച് ട്രെയിന്‍ വേഗം കുറച്ച് കടത്തിവിടാന്‍ കഴിയും.

30 ജീവനക്കാര്‍ ഉള്‍പ്പെട്ട ഒരു സംഘത്തിന് ഒരുദിവസം പരമാവധി 150 മീറ്റര്‍ പാളമാണ് മാറ്റാന്‍ സാധിക്കുന്നത്.

പരമാവധി ജീവനക്കാരെ നിയോഗിച്ചിട്ടും അറ്റകുറ്റപ്പണി തീര്‍ക്കാനാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് യന്ത്രസഹായം തേടിയിരിക്കുന്നത്.

ട്രെയിനുകള്‍ക്ക് കടുത്ത നിയന്ത്രണം തുടരുമെന്നാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സുരക്ഷയ്ക്ക് പരിഗണന നല്‍കി പാളങ്ങളുടെ കേടുപാടുകള്‍ പൂര്‍ണമായി തീര്‍ക്കുന്നതിനാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിടുന്നത്.

Top