മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി സോങ് ഷന്‍ഷന്‍

ഷ്യയിലെ ഏറ്റവും വലിയ ധനികനായി ചൈനയിലെ സോങ് ഷന്‍ഷന്‍. ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നേടിയ സോങ് കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെ മുകേഷ് അംബാനിയെ മറികടന്ന് ഒന്നാം നമ്പറിൽ എത്തിയത്. ലോകത്തിലെ ആറാമത്തെ വലിയ ധനികനാണിപ്പോൾ ഇദ്ദേഹം. ബ്ലൂംബെര്‍ഗ് കണക്ക് പ്രകാരം ഇദ്ദേഹത്തിന് 91.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. 100 ബില്യണ്‍ ഡോളറിലേറെ ആസ്തിയുള്ളവരുടെ പട്ടികയിലേക്ക് ഇദ്ദേഹത്തിന് ഇനി അധികം ദൂരമില്ല. ചൈനയിലെ കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിങിന്റെയും ബീജിങ് വാന്റൈ ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസിന്റെയും ചെയര്‍മാനാണ് ഇദ്ദേഹം.

2019 ല്‍ 1.2 ബില്യണ്‍ യുവാനായിരുന്നു ബീജിങ് വാന്റൈ ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസിന്റെ വരുമാനം. വാക്‌സിനുകളും ഹെപ്പറ്റൈറ്റിസ് ടെസ്റ്റ് കിറ്റുമാണ് ഈ കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ചൈനയിലെ ഹാങ്‌സൂ സിറ്റിയിലാണ് ഇദ്ദേഹത്തിന്റ ജനനം. രാജ്യത്തെ സാംസ്‌കാരിക വിപ്ലവ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഇദ്ദേഹം നിര്‍മ്മാണ തൊഴിലാളിയായും മദ്യ വില്‍പ്പനക്കാരനായും റിപ്പോര്‍ട്ടറുമായും പ്രവർത്തിച്ചിരുന്നു. പിന്നീട് സ്വന്തം ബിസിനസ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 71 ബില്യണ്‍ ഡോളറിന്റെ ആസ്തി വളര്‍ച്ചയാണ് ഈ 66കാരന്‍ നേടിയത്.1996 ലാണ് നോങ്ഫു സ്പ്രിങ് ആരംഭിച്ചത്. പിന്നീട് ചൈനയിലെ ഏറ്റവും വലിയ ബിവറേജ് കമ്പനിയായി ഇത് മാറി. 24 ബില്യണ്‍ യുവാന്‍ വരുമാനമാണ് കമ്പനിക്ക് 2019 ല്‍ ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ പറയുന്നു.

നോങ്ഫു സ്പ്രിങ് കമ്പനിയുടെ ഐപിഒ ഹോങ്കോങ് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. ഓഹരി വിലയില്‍ 155 ശതമാനം കുതിപ്പുണ്ടായി. അതേസമയം വാക്‌സിന്‍ കമ്പനിയുടെ ഓഹരികളില്‍ 2500 ശതമാനം വളര്‍ച്ചയാണ് നേടാനായത്.

Top