ഇന്ത്യയാണ് ഞങ്ങള്‍ക്ക് ഒന്നാമത്; സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് ട്വീറ്റ്

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 135ാമത് സ്ഥാപക ദിനമാണ് ശനിയാഴ്ച നടന്നത്. ഈ കാലയളവില്‍ കോണ്‍ഗ്രസിന് ഇന്ത്യയാണ് എപ്പോഴും ഒന്നാമതെന്നും, രാജ്യത്തിന് വേണ്ടിയുള്ള ത്യാഗങ്ങളാണ് തങ്ങള്‍ക്ക് സുപ്രധാനമെന്നും കോണ്‍ഗ്രസ് പ്രസ്താവിച്ചു. ചടങ്ങിന്റെ ഭാഗമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തി.

‘രാജ്യത്തിന് വേണ്ടിയുള്ള ത്യാഗമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എല്ലാത്തിനും മുകളില്‍. ഞങ്ങളുടെ സ്ഥാപനം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലും, ഇനിയുള്ള ദിനങ്ങളിലും ഇന്ത്യയാണ് ഞങ്ങള്‍ക്ക് ഒന്നാമത്’, പാര്‍ട്ടി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വ്യക്തമാക്കി.

‘135 വര്‍ഷത്തെ ഐക്യം, 135 വര്‍ഷത്തെ നീതി, 135 വര്‍ഷത്തെ സമത്വം, 135 വര്‍ഷത്തെ അഹിംസ, 135 വര്‍ഷത്തെ സ്വാതന്ത്ര്യം. ഇന്ന് നമ്മള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 135 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു’, ട്വീറ്റ് വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, മോട്ടിലാല്‍ വൊഹ്‌റ, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനെത്തിയ കുട്ടികള്‍ക്ക് സോണിയയും, മന്‍മോഹന്‍ സിംഗും മധുരം വിതരണം ചെയ്തു, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളെ പുകഴ്ത്തിയാണ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഭരണഘടനയെ സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോഴാണ് പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിക്കുന്നത്.

Top