ജമ്മുകശ്മീരില്‍ ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്ക്

ഉധംപൂര്‍: ജമ്മു കശ്മീരില്‍ നടപ്പാലം തകര്‍ന്ന് വീണ് അറുപതിലധികം പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് ബൈശാഖി ആഘോഷങ്ങള്‍ക്കിടെ ദുരന്തമുണ്ടായത്. ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് തകര്‍ന്നത്. പരിക്കേറ്റവരില്‍ നിരവധിപ്പേര്‍ കുട്ടികളാണ്. നിരവധി ആളുകള്‍ നടപ്പാലത്തില്‍ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. പൊലീസും ദൌത്യ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഇരുമ്പ് നിര്‍മ്മിത പാലത്തിനടയിലും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ചെനാനി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മണിക് ഗുപ്ത വാര്‍ത്താ ഏജന്‍സിയോട് വിശദമാക്കിയത്. 25ഓളം പേരുടെ നില ഗുരുതരമാണെന്നും ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതര്‍ വിശദമാക്കി. നദിക്ക് കുറുകെ നിര്‍മ്മിച്ച നടപ്പാലത്തിലേക്ക് ബൈശാഖി ആഘോഷത്തിനെത്തിയവര്‍ ഒരുമിച്ച് കയറിയതോടെ ഭാരം താങ്ങാനാവാതെ പാലം തകരുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തക്‍ന്ന് 90ലേറെ പേരാണ് കൊല്ലപ്പെട്ടത്. പാലം പുതുക്കി പണിത ശേഷം തുറന്ന് കൊടുത്ത് അഞ്ചാം ദിനമാണ് അപകടമുണ്ടായത്. മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. 1879 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണിത്. 140 വർഷത്തിലേറെ പഴക്കമുള്ള പാലം സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

Top