അഫ്ഗാനില്‍ വിമാനത്തില്‍ നിന്ന് വീണു മരിച്ചവരില്‍ ഫുട്ബാള്‍ താരവും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ യു.എസ് വ്യോമ വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചവരില്‍ ഫുട്ബാള്‍ താരവും. അഫ്ഗാന്‍ യൂത്ത് ദേശീയ ടീമില്‍ അംഗമായിരുന്ന സകി അന്‍വരി യു എസ് എയര്‍ഫോഴ്‌സ് സി 7 വിമാനത്തിന്റെ ലാന്റിങ് ഗിയറിലിരുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിക്കുകയായിരുന്നുവെന്ന് അഫ്ഗാനിലെ പ്രമുഖ വാര്‍ത്താ ചാനല്‍ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പുറപ്പെട്ട യു എസ് വ്യോമസേനാ വിമാനത്തില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സകി അന്‍വരിയടക്കമുള്ളവര്‍ ലാന്റിങ് ഗിയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടുപേര്‍ പിടിവിട്ടു നിലത്തു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനത്തില്‍ നിന്ന് വീണ ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. ഒരാള്‍ ലാന്റിങ് ഗിയറില്‍ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിമാനം ഖത്തറില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയപ്പോഴാണ് സകിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ കാബൂള്‍ കീഴടക്കിയതോടെ വിമാനതാവളത്തില്‍ വന്‍ തിരിക്ക് അനുഭവപ്പെട്ടിരുന്നു. എങ്ങിനെയും വിമാനത്തില്‍ കയറിപറ്റി രക്ഷപ്പെടാനുള്ള രശമത്തിലായിരുന്നു എല്ലാവരും. വിമാനത്തില്‍ കയറാന്‍ കഴിയാത്തവര്‍ ലാന്‍ഡിങ് ഗിയറിലും മറ്റും തൂങ്ങിനിന്ന് യാത്ര ചെയ്യാന്‍ ശ്രമിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. അഫ്ഗാനില്‍ നിന്ന് വന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ മനുഷ്യമാംസം കണ്ടെത്തുകയും ചെയ്തിരുന്നു. വിമാനത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Top