അറുപതിന്റെ നിറവിൽ ഫുട്‌ബോൾ ഇതിഹാസം മറഡോണ

അർജന്റീന : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും ഒരു വികാരമാണ് മറഡോണ. ബുദ്ധി കൊണ്ടും പ്രതിഭ കൊണ്ടും മൈതാനങ്ങള്‍ കീഴടക്കിയ ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും കൊണ്ട് 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്‌ബോളിലെ ഇതിഹാസമായി മാറിയ താരമാണ് മറഡോണ. ലോകം കണ്ട കാൽപന്തുകളിയുടെ മാന്ത്രികന് ഇന്ന് അറുപത് വയസ്സ് തികയുന്നു.

1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം. പട്ടിണിയുമായി പടവെട്ടിയിരുന്ന ബാല്യം. പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി.

1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. 1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. 1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. 1992-ൽ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതൽ 1995 വരെ അർജന്റീനയിലെ നെവെൽസ് ഓൾഡ് ബോയ്സിനു വേണ്ടിയും 1995 മുതൽ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു.

1984 നവംബര്‍ ഏഴിനായിരുന്നു മറഡോണയുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി എത്തിയത്. ക്ലോഡിയ വില്ലഫെയ്‌ൻ അങ്ങനെ മറഡോണയുടെ ജീവിതസഖിയായി. 1987 ഏപ്രില്‍ രണ്ടിന് ഇരുവര്‍ക്കും ആദ്യ കുട്ടി ജനിച്ചു. ഡാല്‍മ നെരിയ. 1989 മേയ് 16-നായിരുന്നു രണ്ടാമത്തെ മകള്‍ ജിയാനിന്ന ഡിനോരയുടെ ജനനം. എന്നാൽ 15 വര്‍ഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മാറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളില്‍ നിന്ന് 34 തവണ അദ്ദേഹം സ്‌കോര്‍ ചെയ്തു.

2005-ല്‍ നൈറ്റ് ഓഫ് ടെന്‍ എന്ന പരിപാടിയുടെ അവതാരകനായി മാറഡോണയെത്തി. പെലെ ആയിരുന്നു പരിപാടിയിലെ ആദ്യ അതിഥി. 2008-ല്‍ അദ്ദേഹത്തെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. പിന്നീട് അല്‍ വാസല്‍, ഡിപോര്‍ട്ടിവോ റിയെസ്ട്ര, ഫുജെയ്‌റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു. തന്റെ ജീവിതം തന്നെ കാൽപന്തുകളിക്കായി ഉഴിഞ്ഞു വച്ച വ്യക്തിയാണ് ഡീഗോ അർമാൻഡോ മറഡോണ. ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ഗോളിന്റെ സ്രഷ്ടാവിന് പിറന്നാൾ ആശംസകൾ.

Top