football – death – brazil

റിയോ ഡി ഷാനെയ്‌റോ: ബ്രസീലിലെ സംപൗളോയില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രദേശിക ഫുട്‌ബോള്‍ ക്ലബുകളായ കൊരിന്ത്യന്‍സിന്റെയും പല്‍മീറാസിന്റെയും ആരാധകരാണ് ഏറ്റുമുട്ടിയത്. സ്റ്റേഡിയത്തിനു പുറത്തുവച്ചു നടന്ന അക്രമത്തിനിടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

സംപൗളോയിലെ റെയില്‍വേ സ്റ്റേഷന്റെ കവാടത്തില്‍ വച്ചാണ് ഇരുടീമിന്റെയും ആരാധകര്‍ അക്രമം അഴിച്ചുവിട്ടത്. ഇതിനിടെ ആരാധകരില്‍ ഒരാളുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെന്നും ഇയാള്‍ ഫുട്‌ബോള്‍ ആരാധക സംഘത്തില്‍പ്പെട്ടയാളല്ലെന്നും പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച നടന്ന മത്സരത്തില്‍ പല്‍മീറാസ് ഏകപക്ഷീയമായ ഒരു ഗോളിന് കൊരിന്ത്യന്‍സിനെ കീഴടക്കിയിരുന്നു. ഇതിനു പിന്നാലെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുപതോളം പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനുശേഷം സ്റ്റേഡിയത്തിനു പുറത്തും സംഘര്‍ഷം തുടരുകയായിരുന്നു.

Top