ജോലിതേടി കൊച്ചിയിലെത്തി, അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് കെട്ടിടത്തില്‍നിന്ന് വീണ യുവാവ്

Footage of man falling

കൊച്ചി: കൊച്ചിയിലെ പത്മ ജംഗ്ഷനിലെ കെട്ടിടത്തില്‍ നിന്ന് താഴെ വീണ തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി അപകട നില തരണം ചെയ്തു. താന്‍ കൊച്ചിയിലെത്തിയത് ജോലി തേടിയാണെന്നും ഇതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നും സജി ആശുപത്രിയില്‍ വെച്ച് പ്രതികരിച്ചു. മുരിങ്ങൂരില്‍ ധ്യാന കേന്ദ്രത്തിലായിരുന്നു ജോലി, ഈ ജോലി നഷ്ടപ്പെട്ടതോടെയാണ് കൊച്ചിയിലെത്തിയതെന്നും സജി പറഞ്ഞു.

കൊച്ചി നഗരത്തിലെ പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സജി ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണത്. സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറിന് മുകളില്‍ തട്ടി സജി ഫു്ടപാത്തില്‍ വീഴുമ്പോള്‍ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല.

തുടര്‍ന്ന് വഴിയാത്രക്കാരിയായ ഒരു സ്ത്രീയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. യുവതി നിരന്തരം അഭ്യര്‍ത്ഥിച്ചതോടെ ചിലര്‍ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാന്‍ ശ്രമിച്ചു. ഓട്ടോയില്‍ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡില്‍ തന്നെ കിടത്തി. ഇതോടെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.

സഹികെട്ട യുവതി ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയത് കൊണ്ടുമാത്രമാണ് അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരിക്കേറ്റ സജിയെ ആദ്യം ജനറല്‍ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം സ്വദേശിനി രഞ്ജിനിയാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ മുന്‍കൈയെടുത്തത്.

Top