ഭക്ഷ്യധാന്യവും സാവാളയും പയര്‍വര്‍ഗങ്ങളും അവശ്യസാധനങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കും

ന്യൂഡല്‍ഹി: അവശ്യസാധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങളും സവാളയും പയര്‍വര്‍ഗ്ഗങ്ങളും അടക്കമുള്ളവ ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഭക്ഷധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതോടെ അവശ്യസാധനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഈ ഉല്പന്നങ്ങള്‍ക്ക് ബാധകമാകില്ല. ഇവ ശേഖരിച്ചുവെക്കാനും ആര്‍ക്കുവേണമെങ്കിലും വില്‍ക്കാനും കയറ്റുമതി ചെയ്യാനും കര്‍ഷകന് സ്വാതന്ത്ര്യം ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ സ്വകാര്യ-വിദേശ നിക്ഷേപങ്ങളും കരാര്‍ കൃഷിയും പ്രോത്സാഹിപ്പിക്കുക കൂടിയാണ് തീരുമാനത്തിന്റെ ലക്ഷ്യം.

കാര്‍ഷിക ഉല്പന്നങ്ങളുടെ വില്പന ഉദാരമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. കൊല്‍ക്ക പോര്‍ടിന് ശ്യാമ പ്രസാദ് മുഖര്‍ജി പോര്‍ട് എന്ന് പേര് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വിസ ഇളവുകള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

Top