ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സിയെന്ന് മുന്‍ ബാഴ്സലോണ താരം

ഫുട്‌ബോള്‍ ചരിത്രം കണ്ട ഏറ്റവും മികച്ച താരമാണ് ലയണല്‍ മെസ്സിയെന്ന് മുന്‍ ബാഴ്സലോണ താരം സാവി. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ സാവിയുടെ റെക്കോര്‍ഡ് മറി കടന്നുകൊണ്ട് റയല്‍ ബെറ്റിസിനെതിരെ ഹാട്രിക് നേടിയ മെസ്സി ബാഴ്സലോണക്ക് വേണ്ടി 476 വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇത് കൂടാതെ 674 മത്സരങ്ങള്‍ കളിച്ച ഇനിയേസ്റ്റയുടെ റെക്കോര്‍ഡിനൊപ്പവും മെസ്സി എത്തിയിരുന്നു.

എല്ലാ ദിവസവും മെസ്സി മികച്ച താരമാണെന്നും തന്റെ അഭിപ്രായത്തില്‍ മെസ്സി ഫുട്‌ബോള്‍ ചരിത്രം കണ്ട ഏറ്റവും മികച്ച താരമാണെന്നും സാവി പറഞ്ഞു. എല്ലാ മത്സരങ്ങളിലും മെസ്സി തന്റെ വ്യത്യാസം അറിയിക്കുന്നുണ്ടെന്നും മെസ്സിയുടെ കൂടെ കളിച്ച ആളെന്ന നിലക്ക് മെസ്സിയുടെ കഴിവുകള്‍ അസാമാന്യമാണെന്നും സാവി പറയുന്നു. 2015 മുതല്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സാദ് ക്ലബ്ബിന്റെ താരമാണ് സാവി. ബാഴ്സലോണ ജേഴ്‌സിയില്‍ 14 വര്‍ഷം കളിച്ചതിന് ശേഷമാണു സാവി അല്‍ സാദില്‍ എത്തുന്നത് .

Top