സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനൊരുങ്ങി ദോഹ

ദോഹ: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നു.

കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന് നിരവധി സ്വകാര്യ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നഗരസഭാ പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. മുഹമ്മദ് സെയ്ഫ് അല്‍ ഖുവാരി വ്യക്തമാക്കി.

മന്ത്രാലയം ആസ്ഥാനത്ത് നടന്ന ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും ഫോറത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് തന്നെ ഗവേഷണത്തില്‍ പങ്കാളികളാകുന്നതിന് സ്വകാര്യകമ്പനികളെ ക്ഷണിക്കു മെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്വകാര്യ കമ്പനികളുടെ ആശയങ്ങള്‍ പങ്കുവെക്കും.

കൃഷി, കന്നുകാലി, ഫിഷറീസ്, പരിസ്ഥിതി തുടങ്ങിയ മേഖലയില്‍ നിന്നുള്ള കമ്പനികളായിരിക്കും രാജ്യത്തിനുവേണ്ടി സേവനം ഉറപ്പാക്കാന്‍ സന്നദ്ധമായിരിക്കുന്നത്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഈ മേഖലയിലെല്ലാം നിരവധി ഗവേഷണ പദ്ധതികളാണ് നടക്കുന്നത്.

ഖത്തര്‍ ദേശീയ ഗവേഷണഫണ്ടിന്റെയും സ്വകാര്യകമ്പനികളുടേയും പിന്തുണയോടെ ഈ പദ്ധതികള്‍ വികസിപ്പിക്കുമെന്നും അല്‍ ഖുവാരി പറഞ്ഞു.

Top