ട്രോളിംഗ് നിരോധനം: വിഷ മത്സ്യം തടയുന്നതിന് നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുകുന്ന വിഷ മത്സ്യം തടയുന്നതിന് നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി.

തമിഴ്‌നാട്ടില്‍നിന്ന് മായം കലര്‍ന്ന മീന്‍ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തുന്നത്. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് നടപടി.

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 15ന് ട്രോളിങ് നിരോധനം അവസാനിച്ചിരുന്നു. ഇതോടെ സംസ്ഥാനവ്യാപകമായി മായം കലര്‍ന്ന മീന്‍ എത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. മലപ്പുറം കൊണ്ടോട്ടി പെരിന്തല്‍മണ്ണ മാര്‍ക്കറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനകളില്‍ മായം കണ്ടെത്താനായില്ല. സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്കയച്ചു. നടപടികള്‍ ഒരാഴ്ച നീണ്ടു നില്‍ക്കും

അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ, വന്‍ തോതില്‍ ഉയര്‍ന്ന മീന്‍ വില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 300 വരെയെത്തിയ മത്തിക്ക് 160 രൂപയാണ് ഇപ്പോഴത്തെ വില.

Top